ചുവന്ന വഴിത്താരകൾ താണ്ടി
തിരുവനന്തപുരം നാടും നാട്ടിടവഴികളും ചുവന്നുതുടുത്തു, അവകാശ പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന ചെങ്കൊടി ആ വഴിത്താരകളിലൂടെ വിപ്ലവകാരികളുടെ സംഗമഭൂമിയിലേക്ക്. സ്മരണകൾ ജ്വലിക്കുന്ന, ചരിത്രമുറങ്ങുന്ന അനന്തപുരിയുടെ പാതകളെല്ലാം ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച ചെമ്പതാകയ്ക്ക് അഭിവാദ്യമേകി വിഴിഞ്ഞത്തിന്റെ മണ്ണിലേക്കൊഴുകി. തൊഴിലാളികളെയും അധഃസ്ഥിതവർഗത്തെയും രണഭൂമിയിലേക്ക് കൈപിടിച്ചുനടത്തിയ ആനത്തലവട്ടം ആനന്ദൻ ഉറങ്ങുന്ന ചിറയിൻകീഴിൽനിന്നാണ് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിലേക്കുള്ള പതാകജാഥ പ്രയാണമാരംഭിച്ചത്. ആനത്തലവട്ടം സഖാവ് പങ്കെടുക്കാത്ത ആദ്യ സമ്മേളനത്തിലേക്കുള്ള പതാക വാഹകർക്ക് ധീരനായകന്റെ ഓർമകൾ വിപ്ലവാഭിവാദ്യമേകി യാത്രയാക്കി. ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു ക്യാപ്റ്റനും ആർ സുഭാഷ് മാനേജരുമായ ജാഥ ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്‌തു. ആനത്തലവട്ടം ആനന്ദന്റെ ഭാര്യ ലൈലയിൽനിന്ന് ഏറ്റുവാങ്ങിയ പതാക ജില്ലാ സെക്രട്ടറി ജാഥാക്യാപ്റ്റന് കൈമാറി. പി മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ എ ഷൈലജാബീഗം, വി എ വിനീഷ്, ജി സുഗുണൻ, ഏരിയ സെക്രട്ടറി എം പ്രദീപ്, ഒ എസ് അംബിക എംഎൽഎ എന്നിവർ സംസാരിച്ചു. പൊതുസമ്മേളന നഗരിയിലെത്തിച്ച പതാക സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി ഏറ്റുവാങ്ങി. പാവപ്പെട്ടവരെ അണിനിരത്തി മിച്ചഭൂമി സമരമടക്കമുള്ള പോരാട്ടങ്ങളുടെ മുന്നണിയിൽനിന്ന തിരുവല്ലം ശിവരാജന്റെ സ്മൃതി കുടീരത്തിൽനിന്നാണ് കൊടിമര ജാഥ പുറപ്പെട്ടത്. ജില്ലാ സെക്രട്ടറിയറ്റംഗം എസ് പുഷ്പലത ക്യാപ്റ്റനും എസ് കെ പ്രീജ മാനേജരുമായ ജാഥ ജില്ലാ സെക്രട്ടറിയറ്റംഗം കെ സി വിക്രമൻ ഉദ്‌ഘാടനം ചെയ്‌തു. തിരുവല്ലം ശിവരാജന്റ ഭാര്യ സുനീതി കൊടിമരം കൈമാറി. ഏരിയ സെക്രട്ടറി എ പ്രതാപചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം എം എം ബഷീർ, പാറക്കുഴി സുരേന്ദ്രൻ, എസ് ആർ ശ്രീരാജ്, ജി വസുന്ധരൻ എന്നിവർ സംസാരിച്ചു. പൊതുസമ്മേളന നഗരിയിലെത്തിച്ച കൊടിമരം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഏറ്റുവാങ്ങി. രക്തസാക്ഷികളുടെയും മൺമറഞ്ഞ നേതാക്കളുടെയും ഓർമകളിരമ്പുന്ന സ്‌മരണകുടീരങ്ങളിൽനിന്നാണ് ദീപശിഖ പുറപ്പെട്ടത്. 17 ഏരിയാകേന്ദ്രങ്ങളിൽനിന്നാണ് ദീപശിഖകൾ സമ്മേളന നഗരിയിലെത്തിക്കുന്നത്. പാളയത്തെ എസ് എസ് പോറ്റി, പാളയം ബേക്കർ, വഞ്ചിയൂരിലെ ഫിലിപ്പ് റൊസാരിയോ, അജയ്, ജവഹർ, വിഷ്ണു, ചാലയിലെ കുര്യാത്തി രക്തസാക്ഷികൾ, പേരൂർക്കടയിലെ പി എസ് രാജീവ്, കഴക്കൂട്ടത്തെ കാട്ടായിക്കോണം വി ശ്രീധർ, വിളപ്പിലിലെ മലയം ഗോപൻ, മംഗലപുരത്തെ കൊച്ചുരാജൻ, നെയ്യാറ്റിൻകരയിലെ മാരായമുട്ടം പ്ലീനം രക്തസാക്ഷികൾ, പാറശാലയിലെ എം സത്യനേശൻ, വെള്ളറടയിലെ ആനാവൂർ നാരായണൻ നായർ, കാട്ടാക്കടയിലെ കാട്ടാക്കട ശശി, നെടുമങ്ങാട്ടെ എ ജി തങ്കപ്പൻ നായർ, രാജീവ് പ്രസാദ്, എൻ സി പാണി, വിതുരയിലെ ദിൽഷാദ്, വെഞ്ഞാറമൂട്ടിലെ കല്ലറ വാസുദേവൻ പിള്ള, പി ബിജു, ആലിയാട് മാധവൻപിള്ള, കിളിമാനൂരിലെ രാജേന്ദ്രൻ, വർക്കലയിലെ വർക്കല രാധാകൃഷ്‌ണൻ, കോവളത്തെ വെങ്ങാനൂർ ഭാസ്കരൻ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിൽനിന്നാണ് ദീപശിഖാ റാലികൾ പുറപ്പെട്ടത്. ജാഥകൾ സഞ്ചരിച്ച വഴികളിലുടനീളം നൂറുകണക്കിനാളുകൾ കൈയിൽ ചെങ്കൊടിയും കണ്ഠങ്ങളിൽ മുദ്രാവാക്യങ്ങളും കരുതി കാത്തുനിന്നു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളും ആശീർവാദങ്ങളും ഏറ്റുവാങ്ങിയാണ് ജാഥകൾ സമ്മേളനനഗരിയിൽ സംഗമിച്ചത്. Read on deshabhimani.com