ഉയരേ ചെങ്കൊടി പാറി
കോവളം ഇൻക്വിലാബ് വിളികളാൽ മുഖരിതമായ വാനിൽ ചെമ്പതാക ഉയർന്നു. ആവേശം അലകടൽ തീർത്ത് സീതാറാം യെച്ചൂരി നഗറിൽ ജനസഞ്ചയം ഒഴുകിയെത്തി. നാടിന് താങ്ങും തണലുമായ ചെങ്കൊടി പ്രസ്ഥാനത്തെ നെഞ്ചോടു ചേർക്കുമെന്ന് ജനാവലി പ്രഖ്യാപിച്ചു. മുദ്രാവാക്യം വിളികളോടൊപ്പം പടക്കങ്ങൾ വാനിൽ വർണം വിതറി. ഉയർന്നുപൊങ്ങിയ ചുവന്ന ബലൂണുകളും സിപിഐ എം ജില്ലാ സമ്മേളന നഗരിയെ ആവേശത്തിൽ മുക്കി. കവി ഗിരീഷ് പുലിയൂർ വിപ്ലവഗാനങ്ങൾ ആലപിച്ചു. കയർത്തൊഴിലാളികളുടെ ഉജ്വലമായ ആ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച സഖാവ് അമ്മുവിന്റെ ധീരസ്മരണകളും സമ്മേളന നഗരിയിൽ അലയടിച്ചു. കർഷകരും തൊഴിലാളികളും മത്സ്യത്തൊഴിലാളികളും സ്ത്രീകളും കുട്ടികളുമടക്കം സമൂഹമാകെ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തി. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തീരദേശമായ കോവളം ചുവന്ന മേലാപ്പണിഞ്ഞ് അതിസുന്ദരിയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാർടിക്ക് ജില്ലയിൽ വൻ മുന്നേറ്റം നടത്താനായെന്ന ആവേശകരമായ അന്തരീക്ഷത്തിലാണ് കോവളത്തെ പോരാട്ട ഭൂമിയിൽ സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കമാകുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളവരെ പങ്കാളികളാക്കി സംഘടിപ്പിച്ച സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളെല്ലാം വൻ വിജയമായിരുന്നു. Read on deshabhimani.com