ഇടനിലക്കാരൻവഴി ജോ. ആർടിഒക്ക് മാസം ലക്ഷം രൂപ
തിരുവനന്തപുരം നെയ്യാറ്റിൻകര സബ് ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ജോയിന്റ് ആർടിഒയുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽനിന്ന് 3500- രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുക ജോയിന്റ് ആർടിഒയ്ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായി കണ്ടെത്തി. മാസം ഒരു ലക്ഷത്തിലധികം രൂപ ഇങ്ങനെ അക്കൗണ്ടിലെത്തുന്നതായാണ് വിവരമെന്ന് വിജിലൻസ് അറിയിച്ചു. ഇതുസംബന്ധിച്ച് തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. നെയ്യാറ്റിൻകര ജോയിന്റ് ആർടി ഓഫീസിൽ യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിലൂടെ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ഈ വർഷം സംസ്ഥാന വ്യാപകമായും യൂണിറ്റ് അടിസ്ഥാനത്തിലും വിജിലൻസ് നടത്തിയ വിവിധ മിന്നൽ പരിശോധനകളിൽ 7,83,68,238 രൂപയാണ് പിഴയായി ഈടാക്കിയത്. Read on deshabhimani.com