കേന്ദ്രം രാഷ്‌ട്രീയ പകപോക്കൽ നടത്തുന്നു: വി എൻ വാസവൻ
വെള്ളറട കേരളത്തോട് കേന്ദ്രസർക്കാർ രാഷ്‌ട്രീയപരമായ പകപോക്കൽ നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി വി എൻ വാസവൻ പറഞ്ഞു. സിപിഐ എം വെള്ളറട ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (മണ്ഡപത്തിൻകടവ് ജങ്‌ഷൻ) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ളവരെ രണ്ടാംകിട പൗരന്മാരായാണ് കേന്ദ്രം കാണുന്നത്. വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ ചേർത്തുപിടിച്ച് സംസ്ഥാനം മുന്നോട്ട് പോകുമ്പോൾ ഇന്നേവരെ ഒരു രൂപ പോലും തരാൻ കേന്ദ്രം തയ്യാറായിട്ടില്ല. സംസ്ഥാനത്തിന് 57,000 കോടി രൂപയാണ് വിവിധ ഇനങ്ങളിൽ കുടിശ്ശികയായി കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ളത്. ഈ അവഗണനയ്ക്കെതിരെ പ്രതിഷേധം ഉയരണം. ജനങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് സിപിഐ എമ്മിനെയും സിപിഐ എം നേതൃത്വത്തിലുള്ള സർക്കാരിനെയുമാണ്. മണിപ്പുരിൽ കലാപം ഒന്നര വർഷം പിന്നിട്ടിട്ടും ഒരു ചെറുവിരൽ അനക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ല. വർഗീയ ശക്‌തികളെ ഇളക്കിവിട്ട് മതരാഷ്‌ട്രം കെട്ടിപ്പടക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ രാജ്യത്തെങ്ങും അമർഷം പുകയുകയാണെന്നും വി എൻ വാസവൻ പറഞ്ഞു. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് സുനിൽകുമാർ, ഡി കെ ശശി, ഏരിയ സെക്രട്ടറി കെ എസ് മോഹനൻ, സ്വാഗതസംഘം ചെയർമാൻ ടി ചന്ദ്രബാബു, ജനറൽ കൺവീനർ ടി ആർ ഷാജികുമാർ എന്നിവർ സംസാരിച്ചു സമാപനത്തോടനുബന്ധിച്ച് ബഹുജന റാലിയും ചുവപ്പുസേന മാർച്ചും നടന്നു. ചെങ്കൊടി കൈയിലേന്തി നൂറുകണക്കിനുപേർ അണിനിരന്ന റാലി ആവേശക്കടൽ തീർത്തു. Read on deshabhimani.com