പക്ഷാഘാതരോഗിയിലെ രക്തതടസ്സം മാറ്റി

മെക്കാനിക്കല്‍ ത്രോമ്പക്ടമി വിജയകരമായി പൂര്‍ത്തിയാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 
മെഡിക്കൽ സംഘം


തിരുവനന്തപുരം  സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മെക്കാനിക്കൽ ത്രോമ്പക്ടമി ചികിത്സ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌. സ്ട്രോക്ക് ബാധിച്ച തിരുവനന്തപുരം സ്വദേശിയായ 70 വയസ്സുകാരനാണ് മെക്കാനിക്കല്‍ ത്രോമ്പക്ടമിയിലൂടെ രക്തക്കുഴലിലെ വലിയ ബ്ലോക്ക് മാറ്റിയത്.  സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങള്‍  വരുന്ന ചികിത്സയാണ് മെഡിക്കൽ കോളേജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗം അടിയന്തരമായി ചെയ്തത്. നിലവിൽ രോഗി സുഖം പ്രാപിച്ചു വരുന്നു. ചികിത്സയ്ക്ക്‌ നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ മുഴുവൻ സംഘാംഗങ്ങളെയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കൈകാലുകൾക്ക് സ്വാധീനക്കുറവുമായാണ്‌ രോ​​ഗിയെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പരിശോധനയിൽ പക്ഷാഘാതമാണെന്ന് കണ്ടെത്തി. ഉടൻ വിദഗ്ധ പരിശോധനകൾ നടത്തി കട്ടപിടിച്ച രക്തം അലിയിച്ച് കളയാനുള്ള ഐവി ത്രോംബോലൈസിസ് ചികിത്സ നൽകി. തുടര്‍ന്ന് വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാനായി മെക്കാനിക്കൽ ത്രോമ്പക്ടമി ചികിത്സയും നല്‍കി.  ഇമറിറ്റസ് പ്രൊഫസർ ഡോ. തോമസ് ഐപ്പ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ചിത്ര, ഡോ. റാം മോഹൻ, ഡോ. ഡി സുനിൽ, ഡോ. ആർ ദിലീപ്, ഡോ. പ്രവീൺ പണിക്കർ, ഡോ. പി രമ്യ, ഡോ. വി എസ് വിനീത എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ നല്‍കിയത്. മെക്കാനിക്കൽ ത്രോമ്പക്ടമി നടത്തിയ കോമ്പ്രിഹെൻസീവ് സ്‌ട്രോക്ക് സെന്ററിന്റെയും സ്‌ട്രോക്ക് കാത്ത് ലാബിന്റെയും നോഡൽ ഓഫീസറായ ഡോ. ആർ ദിലീപിന്റെ നേതൃത്വത്തിലുള്ള ടീമിൽ ഡോ. അനന്തപത്മനാഭൻ, ഡോ. ടോണി, ഡോ. നിഖില, ജിത, വിഷ്ണു, ജയകൃഷ്ണ എന്നിവരും  ഉൾപ്പെട്ടിരുന്നു. ആദ്യമായിട്ടാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ബാഹ്യ സഹായമില്ലാതെ മെക്കാനിക്കൽ ത്രോമ്പക്ടമി ചെയ്യുന്നത്. Read on deshabhimani.com

Related News