കേബിൾ കുരുക്കിൽ നടപ്പാതകൾ

മോഡൽ സ്കൂൾ ജങ്ഷന് സമീപം കാൽനടയാത്രയ്ക്ക് തടസ്സമായി 
നിൽക്കുന്ന കേബിളുകൾ


തിരുവനന്തപുരം നോക്കി നടന്നില്ലെങ്കിൽ ചിലപ്പോൾ കമിഴ്‌ന്നടിച്ച്‌ വീണെന്നിരിക്കും. വില്ലന്മാരാകുന്നത്‌ കേബിളുകളാണ്‌. നഗരത്തിലെ നടപ്പാതകളിൽ പലയിടത്തും താഴ്‌ന്ന്‌ കിടക്കുന്ന കേബിളുകൾ കുറച്ചൊന്നുമല്ല കാൽനട യാത്രികരെ ബുദ്ധിമുട്ടിക്കുന്നത്‌. പ്രധാന പാതകൾമുതൽ ഇടറോഡുകളിൽവരെ യാത്രക്കാരുടെ കഴുത്ത് മുതൽ കാലിൽവരെ കുരുങ്ങാൻ പാകത്തിൽ കേബിളുകൾ കിടപ്പുണ്ട്. കേബിൾ ടിവി ഓപ്പറേറ്റർമാരുടെയും ഇന്റർനെറ്റ് സേവന ദാതാക്കളുടെയും കേബിളുകളാണ് ഇവ. ഇപ്പോൾ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളാണ് ഉപയോഗിക്കുന്നത്‌. പഴയ കേബിളുകൾ മാറ്റാത്തതാണ്‌ മിക്കയിടത്തും യാത്രക്കാർക്ക്‌ ഭീഷണിയാകുന്നത്‌. തമ്പാനൂർമുതൽ ഹൈസ്‌കൂൾ ജങ്‌ഷൻവരെ നടന്നാൽമാത്രം മതിയാകും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ കാണാൻ. ഹൈസ്‌കൂൾ ജങ്‌ഷനിൽ നടപ്പാതയിൽ നിൽക്കുന്ന പോസ്റ്റിനെ കേബിളുകൾ പൂർണമായും കൈയേറിയ നിലയിലാണ്‌. വഞ്ചിയൂർ, പാളയം, കിഴക്കേകോട്ട, വെള്ളയമ്പലം, തൈക്കാട്‌, പൂജപ്പുര എന്നിവിടങ്ങളിലെല്ലാം കേബിളുകൾ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നു. കെഎസ്ഇബി പോസ്റ്റുകളിലൂടെ കേബിൾ വലിക്കുന്നതിന്‌ മാസം വാടക ഈടാക്കുന്നുണ്ട്‌. എന്നാൽ, അനധികൃതമായും ഇത്തരം കേബിളുകൾ വലിക്കുന്നവരുണ്ട്‌. ഇത്‌ ശ്രദ്ധയിൽ പെട്ടാൽ കെഎസ്‌ഇബി നീക്കം ചെയ്യുകയാണ്‌ പതിവ്‌. അനധികൃതമായി കേബിളുകൾ വലിക്കുന്നത് തടയാൻ ഇവ ടാഗ് ചെയ്യണമെന്ന്‌ നിർദേശം നൽകിയെങ്കിലും പൂർണമായും പാലിക്കപ്പെടുന്നില്ല. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്‌മാർട്ട്‌ സിറ്റി റോഡ്‌ ഇതിന്‌ ശാശ്വത പരിഹാരമാണ്‌. നഗരത്തിൽ 12 റോഡുകളാണ്‌ സ്‌മാർട്ട്‌ സിറ്റി റോഡുകളാക്കുന്നത്‌.   Read on deshabhimani.com

Related News