ഡിവൈഎസ്‌പി അടക്കം 4 പേർക്ക്‌ തടവ്‌



തിരുവനന്തപുരം  കൊല്ലത്ത് എഎസ്ഐയായ ബാബുകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡിവൈഎസ്‌പി അടക്കം നാല് പ്രതികൾക്ക് പത്തു വർഷം തടവും 25,000 രൂപ വീതം പിഴയും. കൊല്ലം സ്വദേശികളായ ജിണ്ട അനി എന്ന വിനീഷ് കുമാർ, കണ്ടയ്‌നർ സന്തോഷ് എന്ന സന്തോഷ് കുമാർ, പെന്നി എഡ്വിൻ, ഡിവൈഎസ്‌പി സന്തോഷ്നായർ എന്നിവരെയാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്. പിഴത്തുകയായ ഒരു ലക്ഷം രൂപ ബാബുകുമാറിന് നൽകണം.   2011 ജനുവരി 11നാണ് കേസിനാസ്‌‌പദമായ സംഭവം. സന്തോഷ്നായർ കൊല്ലത്തുള്ള പൊലീസ് ക്ലബ്ബിൽ മദ്യസൽക്കാരം നടത്തിയത് ബാബുകുമാർ സ്പെഷ്യൽ ബ്രാഞ്ചിനെയും മാധ്യമങ്ങളെയും അറിയിച്ചു എന്നു പറഞ്ഞായിരുന്നു വധശ്രമം. വീടിനു മുന്നിൽ നിൽക്കവെ വിനീഷും പെന്നി എഡ്വിനും ചേർന്ന് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഡിവൈഎസ്‌‌പി സന്തോഷ്നായരും ഗുണ്ടയായ കണ്ടയ്നർ സന്തോഷും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.   മറ്റ് പ്രതികളായ പുഞ്ചിരി മഹേഷ്, ഡിവൈഎസ്‌‌പി വിജയൻ എന്നിവർ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടു. വിജയൻ തെളിവ് നശിപ്പിച്ചെന്നായിരുന്നു ആരോപണം. മറ്റൊരു പ്രതിയായ എസ്ഐ സുന്ദരേശൻ മാപ്പുസാക്ഷിയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി എം നവാസ് ഹാജരായി.   മദ്യസൽക്കാരം നടത്തിയതിന്റെ വാർത്ത നൽകിയതിന് മാതൃഭൂമി ലേഖകനായ വി ബി ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസും സിബിഐ കോടതിയിൽ വിചാരണ നടക്കുകയാണ്. ഈ കേസിൽ പുഞ്ചിരി മഹേഷും ഡിവൈഎസ്‌പി സന്തോഷ്നായരും പ്രതികളാണ്. കണ്ടയ്നർ സന്തോഷ് ഈ കേസിൽ മാപ്പുസാക്ഷിയായി. Read on deshabhimani.com

Related News