റിമാൻഡ്‌ പ്രതിക്ക്‌ കോവിഡ്‌: സിഐ ഉൾപ്പെടെ നിരീക്ഷണത്തിൽ



വെഞ്ഞാറമൂട് റിമാൻഡ്‌ പ്രതിക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട്‌ സിഐ ഉൾപ്പെടെ മുപ്പതോളം പൊലീസുകാർ നിരീക്ഷണത്തിൽ. 34 പൊലീസുകാരോടാണ്‌ നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുള്ളത്‌.    ഇതിൽ 14പേർ പ്രതിയുമായി നേരിട്ട്‌ സമ്പർക്കത്തിൽ വന്നവരാണ്‌. ആർടിപിസിയിൽനിന്നുള്ള 33 ട്രെയിനിമാരും രണ്ട്‌ ഹോംഗാർഡുമാരും നിരീക്ഷണത്തിലാണ്‌. പ്രതിയെ റിമാന്‍ഡ് ചെയ്ത നെടുമങ്ങാട്‌ കോടതിയിലെ മജിസ്‌ട്രേറ്റും നിരീക്ഷണത്തിലാണ്‌. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.    വെള്ളിയാഴ്ചയാണ്‌  പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് ട്രെയിനിയെ ഇടിച്ചിട്ട് നിർത്താതെ പോയത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ടയർ പഞ്ചറായെങ്കിലും വാഹനം നിർത്താൻ ഇവർ തയ്യാറായില്ല.    തുടർന്ന് കാറിന്റെ ടയർ ഇളകിമാറിയെങ്കിലും വാഹനം ഇവർ നിർത്തിയില്ല. നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി ഉള്ളിലുണ്ടായിരുന്ന മൂന്നു യുവാക്കളെ പൊലീസിൽ ഏൽപ്പിച്ചു. മദ്യലഹരിയിലായിരുന്ന ഇവരെ വെഞ്ഞാറമൂട് പൊലീസ് സെല്ലിലാക്കി. കാറിൽ വ്യാജചാരായം ഉണ്ടായിരുന്നതിനാൽ ഇവർക്കെതിരെ അബ്കാരി കേസ് ചുമത്തി.    ശനിയാഴ്ച മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്ത പ്രതിക്ക് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ദേവസ്വം ബോർഡ് ജീവനക്കാരനായ ഇയാൾ നിരവധിയാളുകളുമായി സമ്പർക്കം പുലർത്തിയിരുന്നതായി പറയുന്നു. പരിശോധനയ്‌ക്കായി കൊണ്ടുപോയ കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്‌. Read on deshabhimani.com

Related News