ഓണപ്പൂവസന്തമായി ശ്രീരാജിന്റെ പൂപ്പാടം

കാട്ടായിക്കോണത്തെ ചെണ്ടുമല്ലി കൃഷിസ്ഥലത്ത് ആര്‍ എസ് ശ്രീരാജ്


കഴക്കൂട്ടം ഓണത്തെ വരവേൽ‌ക്കാൻ കാട്ടായിക്കോണത്ത് ചെണ്ടുമല്ലി പൂക്കളൊരുക്കി ശ്രീരാജ്‌. മണ്ണാംപാറ കിഴക്കതിൽ ആർ എസ് ശ്രീരാജാണ് 20 സെന്റ് സ്ഥലം പൂപ്പാടമാക്കിയത്. ബന്ധുവിന്റെ കാടുപിടിച്ചു കിടന്ന സ്ഥലമാണ് കൃഷി യോ​ഗ്യമാക്കി ചെണ്ടുമല്ലി നട്ടത്.  കഴക്കൂട്ടം കൃഷിഭവനിൽനിന്ന് ആഫ്രിക്കൻ മാരിഗോൾഡ് ഇനത്തിലെ മഞ്ഞയും ഓറഞ്ചും തൈകൾ അഞ്ചു രൂപ നിരക്കിൽ  വാങ്ങി. ജൂലൈ പകുതിയോടെ  കൃഷി ആരംഭിച്ചു. ദിവസവും 25മുതൽ 50 കിലോവരെ പൂക്കൾ  ലഭിക്കുന്നുണ്ട്.  സമീപത്തെ പൂക്കടകളിൽ 80 രൂപ നിരക്കിൽ വിൽക്കുന്നുമുണ്ട്. പൂക്കൾ വിരിഞ്ഞതോടെ ഫോട്ടോഷൂട്ടിനായി  നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. കൃഷിക്കൊപ്പം കോഴിഫാമും ശ്രീരാജ് നടത്തുന്നുണ്ട്.   കോഴിമാലിന്യവും ചാണകപ്പൊടിയുമാണ് ചെണ്ടുമല്ലിക്ക്‌  വളം.   സമീപത്തെ മറ്റ് സ്ഥലങ്ങള്‍ പാട്ടത്തിന് എടുത്ത് പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. പന്നിശല്യം രൂക്ഷമായതിനാല്‍ കൃഷിസ്ഥലങ്ങളെ തകരഷീറ്റ് കെട്ടി മറച്ചിട്ടുണ്ട്‌. തകരത്തില്‍ തട്ടുമ്പോഴുള്ള ശബ്ദം ഭയന്ന് പന്നികള്‍ പാടത്തേക്ക് കയറാതെയിരിക്കാനാണ് ഈ രീതിയില്‍ വേര്‍തിരിച്ചിരിക്കുന്നത്. ഓണക്കാലം ആരംഭിച്ചത്തോടെ വിവിധ ക്ലബ്ബുകളും സംഘടനകളും പൂക്കൾക്കായി സമീപിച്ചിട്ടുണ്ടെന്ന് ശ്രീരാജ് പറഞ്ഞു. ക-ൃഷിയിൽ പണ്ടുമുതലെ താൽപ്പര്യമുണ്ട്.  അങ്ങനെയാണ് ഓണക്കാലം പരി​ഗണിച്ച് പൂവിന്റെ കൃഷി തുടങ്ങാമെന്ന് ആലോചിച്ചത്. വലിയ വിലയ്ക്ക് തമിഴ്നാട്ടിൽനിന്നൊക്കെ പൂവാങ്ങി ഉപയോ​ഗിക്കുന്ന സ്ഥിതി പരമാവധി കുറയ്ക്കാനാകുമെന്ന സന്തോഷവും ഇതിലുണ്ടെന്ന് ഡിവൈഎഫ്ഐ   മണ്ണാംപാറ യൂണിറ്റ് സെക്രട്ടറികൂടിയായ ശ്രീരാജ് പറഞ്ഞു. Read on deshabhimani.com

Related News