3 സ്വർണം വിഴിഞ്ഞത്തെത്തിച്ച്‌ ചിത്ര

ചിത്ര ലഭിച്ച മെഡലുകളുമായി


കോവളം ശാരീരിക വെല്ലുവിളികളെ വകഞ്ഞുമാറ്റി നേട്ടങ്ങൾ സ്വന്തമാക്കി ചിത്ര. സംസ്ഥാന പാരാ നീന്തൽ മത്സരത്തിൽ മൂന്ന് സ്വർണമാണ് ശാരീരിക വെല്ലുവിളികളെ മറികടന്ന് എൻജിനിയറിങ്‌ വിദ്യാർഥിയായ വിഴിഞ്ഞം മുല്ലൂർ പനനിന്ന തട്ടുവീട്ടിൽ ജെ ചിത്ര (32) നേടിയത്. 20ന് തൃശൂരിൽ നടന്ന എട്ടാമത് സംസ്ഥാന പാരാ നീന്തൽ മത്സരത്തിൽ 50 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ബാക്ക് സ്ട്രോക്ക് വിഭാഗങ്ങളിലാണ് സ്വർണം നേടി ചിത്ര നാടിനൊന്നാകെ അഭിമാനമായത്. ജന്മനാ ഭിന്നശേഷിക്കാരിയായ ചിത്ര ആദ്യമായാണ് പാരാ നീന്തൽ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. ആദ്യ ചാമ്പ്യൻഷിപ്പിൽ തന്നെ മത്സരിച്ച മൂന്നിനത്തിലും സ്വർണം നേടി. വെറും അഞ്ചു മാസത്തെ നീന്തൽ പരിശീലനത്തിലൂടെയാണ് ഈ നേട്ടം. കുളത്തൂർ മൺവിളയിലെ സോബെക് സ്വിമ്മിങ്‌ പൂളിലെ അധ്യാപകരായ മധുസൂദനൻ നായർ, ബിജു മോൻ, വരുൺ, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. അടുത്ത മാസം 19 മുതൽ 24 വരെ ഗോവയിൽ നടക്കുന്ന ദേശീയ പാരാ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനും ചിത്ര യോഗ്യത നേടിയിട്ടുണ്ട്. സിഇടിയിലെ മൂന്നാം സെമസ്റ്റർ എംടെക് എൺവയോൺമെന്റൽ എൻജിനിയറിങ്‌ വിദ്യാർഥിനിയായ ചിത്ര കരാട്ടെ ജൂഡോ എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കരാട്ടെ മത്സരത്തിൽ സ്വർണ മെഡൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരേതനായ ആർ കൃഷ്ണൻകുട്ടിയുടെയും ജയയുടെയും മകളായ ചിത്ര പാഴ്കുപ്പികളിൽ കലാരൂപങ്ങൾ ഉണ്ടാക്കി പേറ്റന്റും നേടിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ സാമൂഹിക രാഷ്ട്രീയ മേഖലകളിലും ഇടപെടുന്ന ചിത്ര സിപിഐ എം മുല്ലൂർ ബ്രാഞ്ച് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വിഴിഞ്ഞം മേഖല ജോയിന്റ്‌ സെക്രട്ടറിയുമാണ്.   Read on deshabhimani.com

Related News