ഒന്ന്‌ ഷീറ്റ്‌ മേഞ്ഞു തരുമോ, വീട്‌ തന്നെ തരാം

നാരായണൻ മേസ്തിരിക്ക്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനൻ വീടിന്റെ താക്കോൽ കൈമാറുന്നു


പാളയം  ‘ചോർന്നൊലിക്കുന്ന ഓല വീടിന്‌  ഷീറ്റ്‌ മേഞ്ഞു  തരുമോ’... നാരായണൻ മേസ്തിരിയുടെ  സഹായഭ്യർഥനയിൽ വീട്‌ തന്നെ നിർമ്മിച്ചു  നൽകി സിപിഐ എം. കെട്ടിട നിർമാണ മേസ്‌തിരിയായിരുന്ന നാരായണന്‌ ഏറെ നാളത്തെ ആഗ്രഹമായിരുന്നു അടച്ചുറപ്പുള്ളൊരു വീടെന്നത്‌. നഗര പ്രദേശങ്ങളിലുൾപ്പെടെ വൻകിട ഫ്ലാറ്റുസമുച്ചയങ്ങൾക്കും വീടുകൾക്കും നിർമാണനേതൃത്വം നൽകിയ നാരായണൻ മേസ്തിരി (77)ക്ക്‌  തൊഴിൽ ചെയ്യാനാവാതെ വാർധക്യസഹജമായ അവശതയിൽ തുണയായി ഒരാളും ഇതുവരെ എത്തിയില്ല.  1999ൽ മകൻ കണ്ണൻ  മരിച്ചതോടെ ഭാര്യ സരോജിനിയോടൊപ്പം  പാളയം  ജഗതി മുടിപ്പുര റോഡിലെ കുളം നികത്തിയ വീട്ടിലെ മഴയും വെയിലുമേറ്റ് ഓലമേഞ്ഞ ഒരു ചെറിയ വീട്ടിലായിരുന്നു താമസം.  ചോർന്നൊലിക്കുന്ന വീടിന്‌ ഷീറ്റ് മേഞ്ഞുതരാൻ സിപിഐ എം തൈക്കാട്‌ ലോക്കൽ കമ്മിറ്റിയോട് സഹായം ആവശ്യപ്പെട്ടപ്പോൾ പുതിയൊരു വീടെന്ന ആശയമാണ് ലോക്കൽ കമ്മിറ്റി മുന്നോട്ട് വച്ചത്.  തുടർന്ന് പാർടി പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്താൽ പുതിയ വീട്‌ നിർമിച്ചുനൽകുകയായിരുന്നു. രണ്ട്‌ അറ്റാച്ച്‌ഡ്‌ ബെഡ്‌റൂം, ഹാൾ, അടുക്കള എന്നിവയടങ്ങിയ  വീടാണ്‌ സിപിഐ എം നിർമിച്ചുനൽകിയത്‌. ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനൻ കുടുംബത്തിന് താക്കോൽ കൈമാറി. ലോക്കൽ സെക്രട്ടറി ജെ പി ജഗദീഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ പ്രദീപ്‌, എം എ വിദ്യാമോഹൻ, ബ്രാഞ്ച് സെക്രട്ടറി രതീഷ് രാജൻ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News