നാവായിക്കുളത്ത് വീണ്ടും 
അമീബിക് മസ്തിഷ്കജ്വരം



കിളിമാനൂർ   നാവായിക്കുളത്ത് പ്ലസ് ടു വിദ്യാർഥിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം  മരുതിക്കുന്ന് വാർഡിലെ നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ്‌ രോഗം. മാടൻകാവ് കുളത്തിൽ ഒപ്പം കുളിച്ച സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ വീടുകളിൽ നിരീക്ഷണത്തിലാണ്. പ്രാദേശിക ആരോഗ്യപ്രവർത്തകർ ഇവരുടെ വീട്ടിലെത്തി പരിശോധിക്കുകയും വിദഗ്‌ധ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രാഥമികപരിശോധനയിൽ ഇവരിൽ രോഗം കണ്ടെത്തിയില്ല.27-ന് ഉച്ചയോടെയാണ്‌ പ്ലസ്ടു വിദ്യാർഥിയുടെ പരിശോധനാ ഫലം വന്നത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് നിരീക്ഷണ വാർഡിലാണ്. 22നാണ്‌ മാടൻകാവ് കുളത്തിൽ രണ്ട് സുഹൃത്തുകൾക്കൊപ്പം കുട്ടി കുളിക്കാൻ പോയത്‌. 23ന് പനിയും ജലദോഷവും പിടിപെട്ടതിനെ തുടർന്ന് നാവായിക്കുളം പിഎച്ച്സിയിൽ ചികിത്സ തേടി. കുളത്തിൽ കുളിച്ച കാര്യം അമ്മ ഡോക്ടറിനോട് പറഞ്ഞിരുന്നു. തലവേദനയുംകൂടി ഉണ്ടെന്ന് പറഞ്ഞതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. 25-ന് പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി. 26-ന് രണ്ടാം സാമ്പിൾ പരിശോധനയിലാണ്‌ അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്‌.  നാവായിക്കുളം പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസറുടെ സമയോചിതമായ  ഇടപെടലിലാണ്‌ അതിവേഗമുള്ള രോഗനിർണയത്തിനും ചികിത്സ  വേഗത്തിലാക്കാനും കഴിഞ്ഞത്. ആഗസ്തിൽ നാവായിക്കുളത്ത് ശരണ്യ എന്ന യുവതിക്ക്‌ രോഗം സ്ഥിരീകരിച്ചിരുന്നു. പോരേടംമുക്കിന്‌ സമീപത്തെ പുളിയാറത്തോട്ടിൽ നീരൊഴുക്കില്ലാതെ കിടക്കുന്ന കുളത്തിലാണ് ഇവർ കുളിച്ചത്. തുടർന്ന് നാവായിക്കുളത്ത് ആരോഗ്യ വകുപ്പ് 80 മുന്നറിയിപ്പ് ബോർഡുകൾ കുളങ്ങളിലും തോടുകളിലും സ്ഥാപിച്ചിരുന്നു. മുന്നറിയിപ്പ് അവഗണിച്ചാണ്‌ വിദ്യാർഥി കുളത്തിൽ കുളിച്ചതെന്ന് ആരോപണമുണ്ട്. Read on deshabhimani.com

Related News