ഓണം കളറാക്കാം

പള്ളിച്ചൽ പഞ്ചായത്തിലെ കുറണ്ടിവിള വാർഡിലെ പുഷ്പകൃഷി വിളവെടുപ്പ് ഉദ്‌ഘാടനം ഐ ബി സതീഷ് എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന് പൂക്കൾ നൽകി നിർവഹിക്കുന്നു


നേമം പള്ളിച്ചൽ പഞ്ചായത്തിലെ പൂപ്പാടങ്ങളിൽ തിരക്കേറുകയാണ്‌. കുറണ്ടിവിളയിലെ അഞ്ച് ഏക്കറിൽ പൂത്തുനിൽക്കുന്ന ജമന്തി പൂപ്പാടം കാണാൻ സന്ദർശകരെത്തി തുടങ്ങി.  വിവാഹ ഫോട്ടോ ഷൂട്ടിനായി എത്തുന്നവരും നിരവധിയാണ്‌. സെൽഫി പോയിന്റ്, ട്രീ ഹൗസ്, ഊഞ്ഞാലുകൾ അടക്കം ഒരുക്കി ഓണക്കാലത്ത് സഞ്ചാരികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ സംഘാടകർ.  കാട്ടാക്കട മണ്ഡലത്തിൽ ഐ ബി സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച "നമ്മുടെ ഓണം നമ്മുടെ പൂക്കൾ' പദ്ധതിയുടെ ഭാഗമായാണ് പൂപ്പാടം ഒരുക്കിയത്. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വിശ്വാമിത്ര വിജയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി നടത്തിയത്.  ആദ്യതവണ അഞ്ചര ഏക്കറിൽ നടത്തിയ പുഷ്‌പക്കൃഷി വിജയിച്ചതോടെയാണ് ഇത്തവണ കുറണ്ടിവിള വാർഡിലെ അഞ്ചേക്കർ അടക്കം ഇരുപത്തഞ്ച് ഏ ക്കറിലധികം കൃഷിയിറക്കാൻ പള്ളിച്ചൽ പഞ്ചായത്ത്‌ തിരുമാനിച്ചത്‌. പഞ്ചായത്തിന്റെ ഓണച്ചന്ത വഴിയും ഓൺലൈനായും പൂക്കൾ വിപണിയിലെത്തിക്കും.  വിളവെടുപ്പ് ഐ ബി സതീഷ് എംഎൽഎ നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ്‌ കെ രാകേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, നിസാമുദ്ദീൻ, ഭഗത് റൂഫസ്, ബി ശശികല, ടി മല്ലിക, സി ആർ സുനു, എ ടി മനോജ് തുടങ്ങിയവർ സംസാരിച്ചു.  Read on deshabhimani.com

Related News