റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
പാറശാല കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടു മുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി. ശനി വൈകിട്ട് നാലോടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിലാണ് മണ്ണിടിഞ്ഞത്. പാത ഇരട്ടിപ്പിക്കൽ ജോലി നടക്കുന്ന ധനുവച്ചപുരം റെയിൽവേ സ്റ്റേഷനും റെയിൽവേ പാലത്തിനുമിടയ്‌ക്കുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ നാലിന് ഇതുവഴി പോകേണ്ട കന്യാകുമാരി -–-പുനലൂർ എക്സ്പ്രസ് മണിക്കൂറുകൾ പിടിച്ചിട്ടു. കന്യാകുമാരിയിൽനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന മെമോ ട്രെയിൻ കുഴിത്തുറയിലും അഞ്ചിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട കൊല്ലം–- നാഗർകോവിൽ ട്രെ യിൻ നേമത്തും കൊച്ചുവേളി–- -നാഗർകോവിൽ ട്രെയിൻ തിരുവനന്തപുരം സെൻട്രലിലും പിടിച്ചിട്ടു. 6.15ഓടെ ട്രാക്കിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. Read on deshabhimani.com