ഹണിട്രാപ്പിലൂടെ പണം അപഹരിച്ചതായി പരാതി



തിരുവനന്തപുരം ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച യുവതി പുനലൂർ സ്വദേശിയെ ഹണിട്രാപ്പിൽപ്പെടുത്തി പണം അപഹരിച്ചതായി പരാതി. 2023 ഒക്ടോബർ മൂന്നിന്‌ നടന്ന സംഭവത്തിൽ കോടതി നിർദേശപ്രകാരം തിങ്കളാഴ്ച മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഫോണിലൂടെ പരിചയപ്പെട്ട  ഉള്ളൂർ പ്രശാന്ത് നഗർ സ്വദേശിനി, മകളുടെ ചികിത്സയ്‌ക്കായി ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു നൽകണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടു.  ഇയാൾക്കൊപ്പം യുവതി ഒരു സുഹൃത്തിന്റെ കുമാരപുരത്തെ ഫ്ലാറ്റ് സന്ദർശിച്ചശേഷം ലൈംഗിക ചേഷ്ടകൾ കാണിച്ച്  ദൃശ്യങ്ങൾ ഒളി ക്യാമറയിൽ പകർത്തി. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഇയാളെ കെണിയിൽപ്പെടുത്തിയത്.  രണ്ടു  ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതിക്ക് 25,000- നൽകിയെങ്കിലും  ബാക്കി തുകയ്ക്കായി നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു.  പണം കിട്ടാതെ വന്നപ്പോൾ പ്രതിയുടെ ഒരു സുഹൃത്ത് പൊലീസുകാരനായി ചമഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തി.  തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേട്ട്‌ കോടതിയിൽ നൽകിയ പരാതി കോടതി മെഡിക്കൽ കോളേജ് പൊലീസിന്‌ കൈമാറുകയായിരുന്നു. പൊലീസ് കേസെടുത്തു.  അതേസമയം യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി  മുമ്പ് ഒരു പരാതി മെഡിക്കൽ കോളേജ് പൊലീസിൽ ലഭിച്ചിരുന്നു. അതിൽ ഇയാൾ കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. Read on deshabhimani.com

Related News