ഞങ്ങൾ സംതൃപ്തരാണ്

ഒരുവര്‍ഷമായി മുടങ്ങി‍‍ക്കിടന്ന കെട്ടിട ടിസി നമ്പർ ലഭിച്ചതിന്റെ സന്തോഷത്തില്‍ മടങ്ങുന്ന ഡോ. ആരിഫയും ഭര്‍ത്താവ് സൈനുദ്ദീനും


 തിരുവനന്തപുരം "പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ അദാലത്താണ് കോർപറേഷനിൽ നടന്നത്. മന്ത്രി നേരിട്ടെത്തി നമ്മളെ കേൾക്കുകയാണ്, അതുതന്നെ വലിയ കാര്യമാണ്.'  ഒരുവർഷമായി പലവിധത്തിൽ കുടുങ്ങിക്കിടന്ന ടിസി നമ്പർ കോർപറേഷൻതല തദ്ദേശ അദാലത്തിൽ അനുവദിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഡോ. ആരിഫയും ഭർത്താവ് സൈനുദ്ദീനും. 50 വർഷമായിട്ട് സ്വന്തം പേരിലുള്ള സ്ഥലമാണ് ചില ഉദ്യോ​ഗസ്ഥരുടെ പിടിവാശി കാരണം കുരുക്കിലായതെന്ന് സൈനുദ്ദീൻ പറഞ്ഞു.  അദാലത്തിൽ കെട്ടിടനമ്പർ നൽകണമെന്ന അപേക്ഷയുമായാണ് കവടിയാർ സ്വദേശി ആരിഫയും ഭർത്താവുമെത്തിയത്. കവടിയാർ ടെന്നീസ് ക്ലബ്ബിന് എതിർവശത്തായിരുന്നു ഇവരുടെ അഞ്ച് സെന്റ് ഭൂമി.  റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കവടിയാർ ദേവസ്വം ബോർഡ് റോഡ് നാല് മീറ്റർ വീതിയിൽ ഫ്രീ സറണ്ടർ ചെയ്യാമെന്നും ഈ ഭാഗത്തെ ബിൽഡിങ് ലൈൻ 1.5 മീറ്റർ വേണമെന്ന വ്യവസ്ഥയിൽ 2018ൽ കെട്ടിടത്തിന് പെർമിറ്റും അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മതിൽ കെട്ടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇവരുടെ ഭൂമിയിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെടുന്നുവെന്ന റീസർവേ റിപ്പോർട്ട് വന്നതോടെ കെട്ടിടത്തിന് നമ്പർ അനുവദിച്ചു നൽകിയില്ല.  തുടർന്ന് കോർപറേഷനെ സമീപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ വലച്ചു. എന്നാൽ, വ്യാഴാഴ്ചത്തെ അദാലത്തിൽ പരാതി വിശദമായി പരിശോധിച്ച മന്ത്രി കെട്ടിടത്തിന് നമ്പർ നൽകുന്നതിന് കോർപറേഷന് നിർദേശം നൽകി. മുൻ ഡെപ്യൂട്ടി സ്പീക്കറും കോൺ​ഗ്രസ് നേതാവുമായിരുന്ന എ നഫീസത്ത് ബീവിയുടെ മകളാണ് ഡോ. ആരിഫ. Read on deshabhimani.com

Related News