പ്രകൃതിയോടൊപ്പം മടവൂർ എൽപി സ്കൂൾ

സ്കൂൾ ഏറ്റെടുത്ത തരിശുനിലം കൃഷി (ഫയൽ ചിത്രം)


കിളിമാനൂർ എണ്ണിയാൽ ഒടുങ്ങാത്ത പ്രവർത്തനങ്ങളുമായി പ്രകൃതിക്കായി നിലകൊണ്ട പള്ളിക്കൂടത്തിന് പുരസ്കാരം. സംസ്ഥാന ജൈവ വൈവിധ്യ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച വിദ്യാലയമായി തെരഞ്ഞെടുത്ത മടവൂർ ഗവ. എൽപിഎസ്‌ അക്കാദിക ഇതര പ്രവർത്തനത്തിൽ രാജ്യത്തിന്‌ മാതൃക.  വയലറിവ്, പാഠം ഒന്ന് പാടത്തേക്ക് തുടങ്ങി വൈവിധ്യങ്ങളായ ഒട്ടേറെ പദ്ധതികൾ. പ്ലാസ്റ്റിക് വിമുക്ത ദിനത്തിൽ രക്ഷിതാക്കളുടെകൂടി സഹകരണത്തോടെ ഉപയോഗശൂന്യമായ ടീഷർട്ടുകൾ, പാന്റ്‌സ്‌,  ഇതര വസ്ത്രങ്ങൾ എന്നിവയിൽ തുണിസഞ്ചികൾ നിർമിച്ച് വിദ്യാലയത്തിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് കൈമാറി. ഒഴിഞ്ഞ കുപ്പികളുടെ പുനരുപയോഗ നിർമാണ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇക്കോ ബ്രിക്കുകൾ നിർമിച്ച്  കിളിക്കുളം (ബേർഡ്‌ ബാത്ത്‌) സജ്ജീകരിച്ചു. ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിന് മുന്നിൽ ശലഭ പാർക്ക് നിർമാണത്തിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. പരിസരദിനം, പ്രകൃതി സംരക്ഷണ ദിനം, തണ്ണീർത്തട ദിനം തുടങ്ങിയവയെല്ലാം വളരെ പ്രാധാന്യത്തോടെയും പുതുമയോടെയും നിർവഹിക്കുന്നു. കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യം വിനിമയം ചെയ്തുകൊണ്ട്‌ സംഘടിപ്പിച്ച ‘ഷിൻറിൻ യോക്കു' (പ്രകൃതി സമ്പർക്ക പരിപാടി),  പുഴയോര സംഗമം, ജലാശയങ്ങളുടെ സംരക്ഷണാർഥം നടത്തിയ വിവിധ പരിപാടികൾ, സൈലന്റ്‌ സ്പ്രിങ്‌ എന്ന പേരിൽ സംഘടിപ്പിച്ച ജൈവശാസ്ത്ര കോൺഗ്രസ് എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു.  പ്രകൃതി സംരക്ഷണ പാഠങ്ങൾ പ്രമേയമാക്കി കളിവണ്ടി എന്ന തലക്കെട്ടിൽ  ഒരു മണിക്കൂർ നീണ്ട കുട്ടികളുടെ നാടകം 35 വേദികളിലായി അവതരിപ്പിച്ചു. Read on deshabhimani.com

Related News