മാലിന്യം തള്ളല്‍: 
30 വാഹനം പിടിച്ചെടുത്തു



തിരുവനന്തപുരം പൊതുയിടത്തിലും ആമയിഴഞ്ചാൻ തോട്ടിലും മാലിന്യം തള്ളാനെത്തിയ 30 വാഹനം പിടിച്ചെടുത്ത് കോർപറേഷൻ. ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ റെയിൽവേ കരാർ തൊഴിലാളി ജോയി മരണപ്പെട്ടതിനെ തുടർന്നാണ് കോർപറേഷൻ‌ പരിശോധന ശക്തമാക്കിയത്. മാലിന്യം തള്ളുന്നത് തടയാനും പിടികൂടാനുമായി പകൽ, രാത്രി സ്ക്വാഡിനെ പുറമെ ശുചീകരണ തൊഴിലാളികളെ കൂടെ നിയോ​ഗിച്ച് പ്രത്യേക സംഘത്തെയും നിയോ​ഗിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് 30 വാഹനങ്ങൾ പിടികൂടി പൊലീസിനെ ഏൽ‌പ്പിച്ചത്. പലപ്പോഴും വാഹനങ്ങൾ‌ ഉപേക്ഷിച്ച് ആളുകൾ കടന്നുകള‍ഞ്ഞു. വഞ്ചിയൂർ, ഫോർ‌ട്ട്, മ്യൂസിയം സ്റ്റേഷനുകളിലായി 33 കേസുകളും രജിസ്റ്റർ‌ ചെയ്തിട്ടുണ്ട്.  മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർക്കെതിരെ ആക്രമണങ്ങളും നടക്കുന്നത് പതിവാണ്. രണ്ടുമാസത്തിനിടെ നാലുകേസുകളും ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  കേസുകളെടുക്കുന്നതിനും മറ്റുമായി പൊലീസിന്റെ സ്പെഷ്യൽ നോഡൽ‌ ഓഫീസർക്ക് ചുമതല നൽകിയിട്ടുണ്ട്. ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികളും കോർപറേഷൻ ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News