വ്യാപാരികളെ തമിഴ്നാട് പൊലീസ് 
കള്ളക്കേസില്‍ കുടുക്കിയതായി പരാതി



കാട്ടാക്കട  കാട്ടാക്കടയില്‍ മോഷണ വാഹനങ്ങള്‍ പിടിക്കാനെത്തിയെന്ന വ്യാജേന വ്യാപാരികളെ  തമിഴ്നാട് പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി. ചൊവ്വ രാത്രിയോടെ കളിയിക്കാവിള സി ഐ ബാലമുരുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാക്കടയിൽ എത്തിയത്. കളിയിക്കാവിളയില്‍നിന്ന്‌ മോഷണം പോയ മൂന്ന്‌ ടോറസ്‌ ലോറികൾ പൂവച്ചല്‍ ഭാഗത്തുണ്ടെന്ന്‌ പറഞ്ഞാണ്‌ പൊലീസ്‌ സംഘം എത്തിയത്‌.  കാട്ടാക്കട പൊലീസിൽ അറിയിക്കാതെ വിവിധയിടങ്ങളില്‍ കറങ്ങിനടന്ന സംഘം രാത്രി ഒമ്പതരയോടെ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ വാഹന പരിശോധന നടത്തി. നാട്ടുകാർ ചോദ്യം ചെയ്തതോടെ പരിശോധനയ്‌ക്കായി  തടഞ്ഞ വാഹനങ്ങൾ വിട്ടയച്ചു. തുടർന്ന് രാത്രി പത്തരയോടെ തമിഴ്നാട് പൊലീസ് സംഘം സഹായമാവശ്യപ്പെട്ട് കാട്ടാക്കട പൊലീസിൽ കത്ത് നല്‍കി. കാട്ടാക്കട സിഐയുടെ നേതൃത്വത്തില്‍ പൂവച്ചലിലെ സണ്‍റൈസ് എന്ന ഗോഡൗണില്‍ പരിശോധന നടത്തി. വാഹനങ്ങൾ ഇവിടെയുണ്ടെന്ന്‌  ജിപിഎസ് കാണിക്കുന്നുവെന്ന്‌ പറയുമ്പോഴും അത്തരം രേഖകള്‍ തമിഴ്‌നാട്‌ സംഘത്തിന്റെ പക്കലില്ലായിരുന്നു. ഇതിനിടെ ഗോഡൗണ്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത് ജീവനക്കാര്‍ തടഞ്ഞു. ഇതോടെ തമിഴ്നാട് അരി ഉണ്ടോ എന്ന് നോക്കാന്‍ എത്തിയതാണ് എന്ന് സിഐ നിലപാട് മാറ്റി. തുടർന്ന്‌ കാട്ടാക്കട പൊലീസും ഗോഡൗൺ ജീവനക്കാരും നാട്ടുകാരും ഇവരോട്‌ പുറത്തേക്ക് പോകണം എന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇവര്‍ മടങ്ങി. ഇതിന്റെ വൈരാഗ്യത്തിലാണ്‌ വഴിയില്‍ വച്ച് വ്യാപാരിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമായ നാല് വ്യാപാരികളെ  ബന്ധുവീട്ടിലേക്ക് പോകവെ നെയ്യാറ്റിൻകര ഭാഗത്ത് വച്ച് കാർ തടഞ്ഞ് കസ്റ്റഡിയില്‍ എടുത്തത്‌. ഇവരെ 15 കുപ്പി മദ്യം കടത്തി എന്ന കുറ്റം ചുമത്തി കളിയിക്കാവിള സ്റ്റേഷനിലേക്ക് കൊണ്ടുപോയി.  അനസ്, അനീഷ്, ഫൈ സല്‍, ഗോഡ്‌വിൻ ജോസ് എന്നിവരെയാണ് സംഘം  അകാരണമായി കസ്റ്റഡിയില്‍ എടുത്തത്. മാറനല്ലൂര്‍ പൊലീസിന്റെ വാഹനപരിശോധന കടന്നെത്തിയ ഹോണ്ട അമേസ് കാറിനെയാണ് അരമണിക്കൂറിനകം തമിഴ്‌നാട്‌ പൊലീസ്‌ പിടികൂടിയത്.  സംഭവത്തില്‍ കേരള വ്യാപാരി വ്യവസായി സമിതി ഇടപെടുകയും ജില്ലാ പ്രസിഡന്റ്‌ ധനീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍  ഡിജിപിക്കും മുഖ്യമന്ത്രിക്കും എസ്‌പിക്കും ഉള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തു. Read on deshabhimani.com

Related News