ശ്രീകാര്യം അനിൽ അന്തരിച്ചു
തിരുവനന്തപുരം സിപിഐ എം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ (57) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വ രാത്രി 11.30 ഓടെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ബുധൻ പകൽ രണ്ടുവരെ പാങ്ങപ്പാറ മാങ്കുഴി കിഴക്കതിൽ ലെയ്‌നിലെ വീട്ടിലും തുടർന്ന് സിപിഐ എം കഴക്കൂട്ടം ഏരിയ കമ്മിറ്റി ഓഫീസിലും 4 മുതൽ 4.30 വരെ ശ്രീകാര്യത്തും പൊതുദർശനത്തിന് വച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു. വൈകിട്ട് അഞ്ചോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. ഭാര്യ: ഇന്ദുലേഖ. മക്കൾ: അഖില, അഖിൽ. കഴക്കൂട്ടം ഏരിയ സെക്രട്ടറിസ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കിയപ്പോൾ അസുഖം ഗുരുതരമായി. ചികിത്സയ്ക്കായി ചുമതലയൊഴിഞ്ഞശേഷം അടുത്തിടെ സെക്രട്ടറി പദവിയിൽ തിരിച്ചെത്തിയിരുന്നു. വീണ്ടും രോഗബാധിതനായതോടെ സ്ഥാനമൊഴിഞ്ഞു. ചിത്രകാരനും ശിൽപ്പിയുമായിരുന്നു. യൂണിവേഴ്സിറ്റി ക ലോത്സവത്തിലുൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയത്തിൽ സജീവമായി. തെരഞ്ഞെടുപ്പുകളിലും സമ്മേളനങ്ങളിലും ചുവരെഴുത്തും ബോർഡ് എഴുത്തുമായി സജീവമായി. സിപിഐ എം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയുടെ പ്രായം കുറഞ്ഞ സെക്രട്ടറിയായിരുന്നു. നിരവധി സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദനം ഏറ്റുവാങ്ങിയിട്ടുണ്ട്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി അജയകുമാർ, എംഎൽഎമാരായ വി കെ പ്രശാന്ത്, ഐ ബി സതീഷ്, സി കെ ഹരീന്ദ്രൻ, സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ഡി രമേശൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, വി ജ യപ്രകാശ്, സുന്ദരൻപിള്ള, കോ വളം ഹരി, എസ് എ സുന്ദർ, ഇ ജി മോഹനൻ ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു. കല രാഷ്‌ട്രീയ പ്രവർത്തനമാക്കിയ അനിലണ്ണൻ കഴക്കൂട്ടം പതിനാലാം വയസ്സിൽ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയ രംഗത്തെത്തിയ ശ്രീകാര്യം അനിൽ കലയെയും രാഷ്‌ട്രീയ പ്രവർത്തനമാക്കി മാറ്റി. തെരഞ്ഞെടുപ്പിലും സമ്മേളനങ്ങളിലും ചുവരും ബോർഡും എഴുതണമെങ്കിൽ ആദ്യം വിളിയെത്തുക അനിലിനായിരുന്നു. സിപിഐ എം പത്താം പാർടി കോൺഗ്രസ് മുതൽ 24–-ാം പാർടി കോൺഗ്രസിൽവരെ ബോർഡ് എഴുതിയിരുന്നു. അനിലിന്റെ കരസ്‌പർശം ഏൽക്കാത്ത സിപിഐ എം പരിപാടികൾ തലസ്ഥാനത്ത് ചുരുക്കമായിരുന്നു. ചുവരെഴുത്തിലും ബോർഡ് എഴുത്തിലും എക്കാലത്തും വ്യത്യസ്‌തത പുലർത്തി. നിരവധി ശിൽപ്പങ്ങളും നിർമിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിവിധ ആഘോഷങ്ങളിലും ശിൽപ്പങ്ങൾ നിർമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അനുശോചിച്ചു പ്രമുഖ കലാകാരനും സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറിയുമായിരുന്ന ശ്രീകാര്യം അനിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. എം വി ഗോവിന്ദൻ ശ്രീകാര്യം അനിലിന്റെ നിര്യാണത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചിച്ചു. പ്രമുഖ കലാകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ വേർപാട് സിപിഐ എമ്മിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നു– എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com