ഓണം കളറാക്കാൻ കുടുംബശ്രീ രുചികൾ



തൃശൂർ ഓണമിങ്ങെത്തി, ഇത്തവണ ഓണം കളറാക്കാൻ ഉപ്പുമുതൽ കർപ്പൂരം വരെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്‌ കുടുംബശ്രീ. പച്ചക്കറി കൃഷി പദ്ധതിയായ  ഓണക്കനിക്കും പൂകൃഷിയായ നിറപൊലിമയ്‌ക്കും പിന്നാലെ ഓണച്ചന്തകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കുടുംബശ്രീ ജില്ലാ മിഷൻ.  ഓണത്തപ്പനും പൂക്കളും ജൈവപച്ചക്കറികളും നാടൻ പലഹാരങ്ങളും കരകൗശല വസ്‌തുക്കളുമെല്ലാം ചന്തയെ സമൃദ്ധമാക്കും. ജില്ലയിൽ 86 പഞ്ചായത്തുകളിലും ഏഴ്‌ മുനിസിപ്പാലിറ്റികളിലും കോർപറേഷനിലുമായി 186 കുടംബശ്രീ സിഡിഎസുകളുടെ  ചന്തകളാണ്‌ പ്രവർത്തിക്കുക. ഇതിനുപുറമെ ജില്ലാ ചന്തയുമുണ്ടാകും.  കുടുംബശ്രീയുടെ 2389 സംഘകൃഷി ഗ്രുപ്പുകളിറക്കിയ പച്ചക്കറികളും ചന്തയിലെത്തും. കൂടാതെ നേന്ത്രവാഴകൃഷി സംഘകൃഷിക്കാരുടെ നാടൻ കായകളും ചന്തയിലെത്തും. കായ വറുത്ത്‌ ഉപ്പേരിയാക്കുന്നതുൾപ്പടെ സംരഭകഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങളും ചന്തയിലുണ്ടാവും.      കാർഷിക സൂക്ഷ്‌മ സംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് ഏറ്റവുമധികം വരുമാനം ലഭ്യമാകുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് ഓണം വിപണി.  ജൈവ പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ, അരി, വിവിധയിനം അച്ചാറുകൾ, ചക്ക പപ്പടം, ചോക്ലേറ്റ്, വടുക്, മസാലപ്പൊടികൾ, വെളിച്ചെണ്ണ, മുളയുൽപ്പന്നങ്ങൾ,  വസ്ത്രങ്ങൾ, ഓണക്കോടികൾ, വന ഉൽപ്പന്നങ്ങൾ, ചിരട്ടയുൽപ്പന്നങ്ങൾ അടക്കമുള്ള കരകൗശലവസ്തുക്കൾ തുടങ്ങിയവ  ഓണം വിപണന മേളയിലുണ്ടാകും.   ഓരോ സിഡിഎസിനും 20,000 രൂപ വീതം രണ്ട്‌ മേളകൾ നടത്തുന്നതിന് അനുവദിക്കും. രണ്ട്‌ മേളകളിൽ കൂടുതൽ നടത്താൻ സാധ്യമായ സിഡിഎസുകൾ അധികമായി നടത്തുന്ന ഓരോ മേളയ്‌ക്കും 10,000 രൂപ വീതവും അനുവദിക്കും. Read on deshabhimani.com

Related News