അരങ്ങിൽ ദൃശ്യഭാഷയുമായി "ഗ്യാലക്സി ഓഫ് മ്യുസിഷൻസ് '
തൃശൂർ രാജാ രവിവർമയുടെ ചിത്രങ്ങൾക്ക് ദൃശ്യഭാഷയൊരുക്കി ചെറുതുരുത്തി കേന്ദ്രമായി പ്രവർത്തിക്കുന്ന കഥകളി സ്‌കൂൾ. "നാനാത്വത്തിൽ ഏകത്വം' എന്ന ആശയം വരുന്ന രാജാരവി വർമയുടെ കലാ സൃഷ്ടിയായ "ഗ്യാലക്സി ഓഫ് മ്യുസിഷൻസ് 'എന്ന ചിത്രത്തിന്റെ ദൃശാവിഷ്‌കാരമാണ് നാടെങ്ങും അവതരിപ്പിച്ച് ശ്രദ്ധ നേടുന്നത്. 1889–-ലാണ് രവിവർമ ഈ ചിത്രം രചിച്ചത്. മോഹിനിയാട്ടം, ഒഡീസി, മഹാരാഷ്ട്ര കോത്ത ഡാൻസ്, കഥക്, മൈസൂർ നാച്ച് ഗേൾ, ഫ്ലമിംഗോ, ഭരതനാട്യം, ഗർബ, ഗൂമർ, ഇന്തോ-പേർഷ്യൻ, ലാവണി എന്നീ നൃത്തരൂപങ്ങൾ അവയുടെ തനത് ആവിഷ്‌കാര ശൈലിയോടെ അരങ്ങിലെത്തിച്ചാണ് രവിവർമ ചിത്രത്തിന് നൃത്ത ഭാഷ്യത്തിലൂടെ ജീവൻ പകർന്ന് നൽകിയത്. ചിത്രകാരനായ ചെറുതുരുത്തി സ്വദേശി കെ എസ് സുമേഷ് ആശയവും സംവിധാനവും നിർവഹിച്ച ദൃശ്യാവിഷ്‌കാരത്തിന്റെ കോ-–-ഓർഡിനേറ്റർ ചെറുതുരുത്തി കഥകളി സ്‌കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണനാണ്. കലാമണ്ഡലം സുജാതയും ന്യൂയോർക്കിലെ റിഥി സച്ച്‌ദേവും ചേർന്നാണ് നൃത്ത സംവിധാനം രൂപ കൽപ്പന ചെയ്‌തത്. ഭാരത് ഭവൻ, കേരള ലളിത കലാ അക്കാദമി, കേരള പുരാവസ്‌തു വകുപ്പ്, ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദൃശ്യാവിഷ്‌കാരം അരങ്ങേറിയിട്ടുണ്ട്. Read on deshabhimani.com