ഗാന്ധിജിക്ക്‌ 501 രൂപ; സെന്റ്‌ തോമസിലെ 
വിദ്യാർഥിചരിത്രം

മഹാത്മാഗാന്ധി തൃശൂർ സെന്റ് തോമസ് കോളേജ്‌ സന്ദർശിച്ച ചിത്രം കോളേജ്‌ ലൈബ്രറിയിലെ പുസ്‌തകത്തിൽ ( മുകളിൽ പീഠത്തിൽ ഇരിക്കുന്നതാണ്‌ 
ഗാന്ധി)


തൃശൂർ സെന്റ് തോമസ് കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായമാണ്‌  മഹാത്മാ ഗാന്ധിയുടെ സന്ദർശനം. 1927 ഒക്ടോബർ 14നാണ് സെന്റ് തോമസ് കോളേജിൽ അദ്ദേഹം എത്തിയത്.  ദേശീയ പ്രസ്ഥാനത്തിന് കരുത്തുപകരാൻ  വിദ്യാർഥികളും മുന്നോട്ടു വരണമെന്ന്  ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്കായി വിദ്യാർഥികൾ 501 രൂപ സ്വരൂപിച്ച് നൽകി.  ഫാ. ജോൺ പാലോക്കാരനായിരുന്നു പ്രിൻസിപ്പൽ. സന്ദർശനത്തിന്റെ ഫോട്ടോ ഇപ്പോഴും കോളേജിന്റെ ആർകൈവ്സ് ലൈബ്രറിയിലുണ്ട്.             ഗാന്ധി കോളേജിൽനിന്ന്‌ പോയ ശേഷം  വിദ്യാർഥികൾ പ്രകടനം നടത്തി.   ബ്രിട്ടീഷ്‌ വാഴ്‌ച തുലയട്ടെ, ഭാരത്‌ മാതാ കീ ജയ്‌,  മഹാത്മാ ഗാന്ധി കീ ജയ്‌ എന്നീ മുദ്രാവാക്യങ്ങളുയർത്തി.  കത്തോലിക്ക സഭക്ക്‌ കീഴിൽ 1919ൽ ആരംഭിച്ച ആദ്യത്തെ കലാലയമാണ് സെന്റ് തോമസ് കോളേജ്.  സ്വാതന്ത്ര്യ സമര സേനാനികൾകൂടിയായ ഇ എം എസ്, സി അച്യുതമേനോൻ, പനമ്പിള്ളി ഗോവിന്ദമേനോൻ തുടങ്ങി നിരവധി  രാഷ്ട്രീയ നേതാക്കളെ സംഭാവന ചെയ്ത കലാലയമാണിത്‌.    1927 ഒക്ടോബർ 14ന്‌ തൃശൂർ വിവേകോദയം സ്കൂളും ഗാന്ധി  സന്ദർശിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി ചർക്കയിൽ നൂൽ നൂൽപ്പ്‌മത്സരം സംഘടിപ്പിച്ചിരുന്നു. ഏറ്റവും കൂടുതൽ വേഗത്തിലും മികവിലും നൂൽനൂറ്റ കൊച്ചുമിടുക്കി മണക്കുളം കോവിലകത്തെ മല്ലികത്തമ്പുരാട്ടിയെ  ഗാന്ധിജി  അനുഗ്രഹിച്ചു.  ചെറിയ തക്ലിയും  സമ്മാനിച്ചു.  നൂൽനൂൽപ്പിൽ  പങ്കെടുത്തവരെ അഭിനന്ദിച്ചും ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്താൻ പിന്തുണ അഭ്യർഥിച്ചും മഹാത്മാഗാന്ധി സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട  സന്ദേശം സ്‌കൂളിൽ സൂക്ഷിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News