ക്യൂവില്‍ കലിപ്പ് വേണ്ട; ബീവറേജസില്‍ "പെണ്ണിടി' ഉറപ്പ്
തൃശൂർ ക്യൂവിൽ നിൽക്കുന്ന ചിലരുടെ നോട്ടം.. ചിലപ്പോൾ കളിയാക്കലുകൾ.. അല്ലെങ്കിൽ വാക്കുതർക്കം.. ബീവറേജസ് ഔട്ട്‌ലെറ്റുകളിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾ നിരന്തരം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പലപ്പോഴും ഇതൊക്കെയാണ്. സാഹചര്യം വഷളായാൽ വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ഇനിയിപ്പോ വേണ്ടി വന്നാൽ കൈകൊണ്ടോ "നോ' എന്ന് പറയാനുള്ള ധൈര്യമാണ് ആവശ്യം.. അതിനായി ബീവറേജസ് ഔട്ട്‌ലെറ്റുകളിൽ ജോലിചെയ്യുന്ന സ്‌ത്രീകൾക്ക് കേരളാ പൊലീസിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം ആരംഭിച്ചു. ഇനി ബീവറേജിൽ കയറി തർക്കിച്ചാൽ പെണ്ണിടി ഉറപ്പാണ്. കേരള സ്റ്റേറ്റ് ബീവറേജസ് കോർപറേഷനിലെ വനിതാ ജിവനക്കാർക്കാണ് സെൽഫ് ഡിഫൻസിൽ പരിശീലനം നൽകുന്നത്. തൃശൂര്‍ സെന്റ് മേരീസ് കോളേജിൽ നടന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ ജില്ലയിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളിലും വെയർഹൗസുകളിലും ജോലിചെയ്യുന്ന വനിതാ ജീവനക്കാർ പങ്കാളികളായി. കേരള പൊലീസിലെ സെൽഫ് ഡിഫൻസ് ട്രെയിനർമാരാണ് പരിശീലനം നൽകിയത്. പറ്റില്ലെങ്കിൽ അത് ധൈര്യത്തോടെ പറയാനും, നോട്ടം കൊണ്ടും ശബ്‌ദംകൊണ്ടും ശരീരം കൊണ്ടും പ്രതിരോധിക്കാനുള്ള വിദ്യകൾ ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങളാണ് പ്രധാനമായും പരിശീലിപ്പിച്ചത്. എഎസ്‌ഐമാരായ പി കെ പ്രതിഭ, പി ബി ഷിജി, വി വി ജിജി, എസ്‌സിപിഒ ഷീജ സതീശൻ, ഷാജ മോൾ, സിപിഒ പി എഫ് കീർത്തി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനം പൊലീസ് അഡീഷണൽ സൂപ്രണ്ട് കെ എ ശശീധരൻ ഉദ്‌ഘാടനം ചെയ്‌തു. ബെവ്‌കോ റീജണൽ മാനേജർ ടി വി ശാലി അധ്യക്ഷയായി. ജനമൈത്രി അസി. ജില്ലാ നോഡൽ ഓഫീസർ ശ്രീലാൽ, സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ നമിത, തൃശൂർ സിറ്റി എസിപി എൻ എസ് സലീഷ്, എസ് എസ് വിഷ്‌ണുസൂര്യ എന്നിവർ സംസാരിച്ചു. Read on deshabhimani.com