പഞ്ചായത്ത് അസി. സെക്രട്ടറിയെ 
യുഡിഎഫ് പ്രവർത്തകർ കൈയേറ്റം ചെയ്തു



ദേശമംഗലം  ദേശമംഗലം പഞ്ചായത്ത് അസി. സെക്രട്ടറിയും  സെക്രട്ടറിയുടെ പൂർണ അധിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനുമായ കെ എ ഷണ്മുഖനെ ഞായറാഴ്ച പഞ്ചായത്ത് ഓഫീസിൽ  യുഡിഎഫ് പ്രവർത്തകർ കൈയേറ്റം ചെയ്തതായി പരാതി. ഫയലുകൾ തീർപ്പാക്കിക്കൊണ്ടിരിക്കെയാണ് യുഡിഎഫ് മെമ്പർമാരും അയോഗ്യനാക്കപ്പെട്ട മെമ്പറും കൈയേറ്റം ചെയ്തതെന്നാണ് പരാതി.      പകൽ 11. 30 ന് എത്തിയ ഇദ്ദേഹം വൈകുന്നേരം വരെയും ജോലിയിൽ ഏർപ്പെട്ടിരുന്നു. വൈകിട്ടോടെയാണ് പഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാരായ പി എസ് ലക്ഷ്മണൻ, അബ്ദുൾ സലാം, അയോഗ്യനാക്കപ്പെട്ട പി ഐ ഷാനവാസ്, മണ്ഡലം പ്രസിഡന്റ്‌ മഹേഷ് വെളുത്തേടത്ത് എന്നിവരുൾപ്പെടെ ഒരു സംഘം ആളുകൾ പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചുകയറി അസി. സെക്രട്ടറിയെ ബലം പ്രയോഗിച്ച് വലിച്ചിറക്കുകയും കള്ളത്തരം പിടിച്ചു എന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ഇതുസംബന്ധിച്ച് അസി സെക്രട്ടറി പൊലീസിൽ പരാതി നൽകി.  ഒട്ടേറെ ഫയലുകൾ തീർപ്പാക്കേണ്ടതിനാൽ ഒഴിവു ദിവസവും ജോലിയിൽ പ്രവേശിക്കുന്ന കാര്യം ഇദ്ദേഹം  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും പഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജിനേയും അറിയിച്ചിരുന്നു.  ഓഫീസിൽ അതിക്രമിച്ചു കയറിയ സംഘം പുറത്തുനിന്നും നിരവധി ആളുകളെ പഞ്ചായത്ത് ഓഫീസിൽ എത്തിക്കുകയും കള്ളനെ പിടിച്ചുവെന്ന് ആക്രോശിക്കുകയും ചെയ്തു. തുടർന്ന് ചെറുതുരുത്തി പൊലീസെത്തിയാണ് അസി. സെക്രട്ടറിയെ മോചിപ്പിച്ചത്.  ഓഫീസിൽ ഇരച്ചു കയറിയവരോട് യഥാർഥ സാഹചര്യം ഇദ്ദേഹം ബോധ്യപ്പെടുത്തിയെങ്കിലും നിന്നെ വച്ചേക്കില്ലെന്നും ഇവിടെയാണ് നിന്റെ അവസാനം എന്നും പറഞ്ഞ് കൊലവിളി നടത്തിയെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ് പറഞ്ഞു. Read on deshabhimani.com

Related News