ചന്ദനമാഫിയ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി



തൃശൂർ ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളിക്കുളങ്ങര റേഞ്ച്‌ കോടശ്ശേരി റിസർവ് വനത്തിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മഞ്ചേരി നറുകര പട്ടേർക്കുളം അടങ്ങാപ്പുറം മുഹമ്മദ് മിഷാൽ (26), മലപ്പുറം പൂക്കോട്ടൂർ മൂച്ചിക്കൽ ഇല്ലിക്കത്തൊടി മുഹമ്മദ് അബ്രാർ (26),  മഞ്ചേരി നറുകര തോട്ടംപുറം വീട്ടിൽ മുഹമ്മദ് സുഹൈൽ (34), പൂക്കാട്ടൂർ ചോലയിൽ വീട്ടിൽ മുഹമ്മദ് ഫസലു റഹ്മാൻ (27),  മലപ്പുറം ഇല്ലിക്കത്തൊടി വീട്ടിൽ ഐ ടി ഉമ്മർ (41), ഡൗൺഹിൽ ആലങ്ങാട് വീട്ടിൽ പി പി ഫജാസ് (35) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി പി സെയ്തലവി തള്ളിയത്. 10മുതൽ 15 വരെയുള്ള പ്രതികളാണിവർ. ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. സ്വദേശികളായ പ്രധാന പ്രതികൾ മാരകായുധങ്ങളുമായി റിസർവ് വനത്തിൽ അതിക്രമിച്ചു കയറി ആറ് ചന്ദന മരങ്ങൾ മുറിച്ച് കടത്തുകയായിരുന്നു. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ചന്ദനമാഫിയയുടെ കണ്ണികളായ ഈ പ്രതികളെ കണ്ടെത്തിയത്. മുറിച്ചു കടത്തിയ ചന്ദനത്തടികൾ മുഹമ്മദ് അബ്രാർ വാങ്ങി കൂട്ടുപ്രതികളുടെ സഹായത്തോടെ പോണ്ടിച്ചേരിയിലെ ഒരു ഫാക്ടറിക്ക് വിറ്റ് ചന്ദനത്തൈലം ഉണ്ടാക്കി വിറ്റുവെന്നാണ് കണ്ടെത്തൽ. ഇവരുടെ പേരിൽ നിരവധി ഫോറസ്റ്റ് കേസുകളുണ്ട്. പ്രോസീക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ ഹാജരായി. Read on deshabhimani.com

Related News