പുതിയ ടെൻഡർ: 
166.89 കോടി



തൃശൂർ തൃശൂർ–- -കുറ്റിപ്പുറം സംസ്ഥാനപാതയുടെ നവീകരണത്തിനായി പുതിയ ടെൻഡർ വിളിച്ചു. നേരത്തേ റോഡിന്റെ നിർമാണം ഏറ്റെടുത്ത കരാറുകാരൻ ഗുരുതര അലംഭാവം കാട്ടിയതിനെത്തുടർന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ പുതിയ കരാർ നൽകാനുള്ള നടപടിയുടെ ഭാഗമായി ടെൻഡർ വിളിച്ചത്‌. 166.89 കോടി രൂപ ചെലവിട്ടാണ്‌ റോഡ്‌ പുനർനിർമിക്കുക. നിർമാണ പ്രവർത്തനം 270 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ്‌ ടെൻഡറിലെ പ്രധാന വ്യവസ്ഥ. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്‌. റോഡ്‌ നിർമാണത്തിന്റെ ചുമതലയുള്ള കെഎസ്ടിപി-യാണ് ടെൻഡർ ഉത്തരവ്‌ ഇറക്കിയത്‌. ഒരു മാസമാണ്‌ ടെൻഡർ കാലാവധി. ഒക്ടോബർ നാലിന് ടെൻഡർ തുറക്കും. റോഡ് പ്രവൃത്തിയിൽ വേണ്ടത്ര പുരോഗതിയില്ലെന്ന് വ്യക്തമായതിനെ ത്തുടർന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ് കരാറുകാർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി. ഇതേത്തുടർന്ന് കെഎസ്ടിപി അധികൃതർ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ കരാർ റദ്ദ് ചെയ്തു. ഇതോടെ റോഡ്‌ നവീകരണം പൂർത്തിയാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി. ജർമൻ ബാങ്കിന്റെയും റീബിൽഡ്  കേരളയുടെയും അനുമതിക്ക് ശേഷമാണ്‌ റീടെൻഡറിലേക്ക് കടന്നത്‌.  മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം രൂപംനൽകിയ പ്രവൃത്തി ഷെഡ്യൂളനുസരിച്ചുതന്നെ നടപടികൾ പൂർത്തിയാക്കും.അതേസമയം റോഡിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നുണ്ട്‌. ഈ പ്രവൃത്തികൾക്കായി വിവിധ ഘട്ടങ്ങളിലായി 89 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. Read on deshabhimani.com

Related News