ദേശീയപാത നിർമാണത്തിലെ 
അപാകം; മേരിഗിരിയിലും അടിപ്പാത

ദേശീയപാത നിർമാണത്തിന്റെ അപാകം പരിഹരിക്കുന്നതിന്റെ ഭാഗമായി കെ രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ സന്ദർശനം നടത്തുന്നു


വടക്കഞ്ചേരി  വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറവരെയുള്ള ഭാഗത്തെ റോഡ്‌ നിർമാണത്തിലെ അപാകം പരിഹരിക്കാനായി കെ രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ദേശീയപാത അതോറിറ്റി അധികൃതരുമായിട്ടായിരുന്നു ചർച്ച.   നിലവിൽ വാണിയമ്പാറയിൽ അടിപ്പാത നിർമാണം ആരംഭിച്ച സാഹചര്യത്തിൽ മേരിഗിരിയിൽക്കൂടി അടിപ്പാത നിർമിക്കും. സമരസമിതി പ്രവർത്തകർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ യോഗത്തിൽ ഉറപ്പുനൽകി.     വടക്കഞ്ചേരി മുതൽ വാണിയമ്പാറവരെയുള്ള ഭാഗങ്ങളിൽ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കുക, പന്തലാംപാടത്തിന് സമീപം മേരിഗിരിയിൽ അടിപ്പാത നിർമിക്കുക, ദേശീയപാതയോരത്തെ അഴുക്കുചാലുകളുടെ നിർമാണത്തിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പന്തലാംപാടം ജനകീയസമിതി പ്രവർത്തകർ എംപിക്ക്‌ നിവേദനം നൽകിയിരുന്നു. ജനകീയസമിതി പ്രവർത്തകർ ഉന്നയിച്ച വിഷയങ്ങൾ അദ്ദേഹം നേരിട്ട്‌ പരിശോധിച്ചിരുന്നു. തുടർന്നായിരുന്നു ചർച്ച.      സർവീസ് റോഡിന്റെ നിർമാണം പൂർത്തീകരിക്കുമെന്ന് അറിയിച്ചെങ്കിലും ശങ്കരംകണ്ണം തോട്, പന്തലാംപാടം തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥലത്തിന്റെ ലഭ്യതക്കുറവ്‌  ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചു.   വടക്കഞ്ചേരി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പി പി സുമോദ് എംഎൽഎ, കലക്ടർ എസ് ചിത്ര, ഡെപ്യൂട്ടി കലക്ടർ കെ എ റോബിൻ, ദേശീയപാത പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, ആലത്തൂർ തഹസിൽദാർ കെ ശരവണൻ, ഭൂരേഖാ തഹസിൽദാർ ആർ മുരളി മോഹൻ, വടക്കഞ്ചേരി സിഐ കെ പി ബെന്നി, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ ലിസി സുരേഷ്, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ എം സുമതി, ടി കണ്ണൻ, സി കെ നാരായണൻ, പന്തലാംപാടം ജനകീയവേദി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News