വിലയും നഷ്ടവും നൽകാൻ വിധി
തൃശൂർ എയർ കണ്ടീഷണറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വിലയും നഷ്ടവും ചെലവും നൽകാൻ വിധി. കല്ലേറ്റുംകര സ്വദേശി പഴേടത്ത്പറമ്പിൽ ലിന്റോ ജോസും പോട്ട സ്വദേശി കട്ടപ്പുറം വീട്ടിൽ ബെർലി സെബാസ്റ്റ്യനും ഫയൽ ചെയ്ത ഹർജിയിലാണ് കൊടകരയിലുള്ള മരിയ ഹോം അപ്ലയൻസസ് ഉടമയ്ക്കെതിരെയും മുംബൈയിലെ വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർക്കെതിരെയും വിധിയായത്. ലിന്റോ ജോസ് വൃക്കമാറ്റിവെയ്ക്കലിന് വിധേയനായ ബെർലി സെബാസ്റ്റ്യന് വേണ്ടിയാണ് എയർ കണ്ടീഷണർ വാങ്ങിയത്. എയർ കണ്ടീഷണർ ഉപയോഗിച്ചുവരവെ പ്രവർത്തനരഹിതമായി. നിരന്തരം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. കോടതി നിയോഗിച്ച വിദഗ്ധ കമീഷണർ പരിശോധന നടത്തി നിർമാണ തകരാർ റിപ്പോർട്ട് ചെയ്തു. ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നം വാങ്ങി ഉപയോഗിക്കേണ്ടി വന്നതിലുള്ള ബുദ്ധിമുട്ടും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണ് വിധിന്യായം നടത്തിയത്. ഹർജികാർക്ക് എയർ കണ്ടീഷണറിന്റെ വിലയായ 21397 രൂപ 37 പൈസ 2020 ഡിസംബർ 31 മുതൽ 6 ശതമാനം പലിശ സഹിതം നിർമാതാവായ വീഡിയോകോൺ കമ്പനിയോട് നൽകാനും, നഷ്ടപരിഹാരമായി 15000 രൂപയും ചെലവിലേക്ക് 5000 രൂപയും ഇരുഎതിർകക്ഷികളോടും നൽകാനുമാണ് വിധി. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി. Read on deshabhimani.com