നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ ഇന്ന്



തൃശൂർ സ്കൂൾ വിദ്യാർഥികളുടെ പഠന നിലവാരം അളക്കാനുള്ള നാഷണൽ അച്ചീവ്മെന്റ് സർവേ (എൻഎഎസ്) ബുധനാഴ്ച നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം സര്‍ക്കാര്‍, 3, 6, 9  ക്ലാസുകളിലെ  കുട്ടികൾക്കിടയിലാണ് സർവേ. ഓരോ ക്ലാസിലും കുട്ടി നേടിയ അറിവുകൾ വിലയിരുത്തുകയാണ് ലക്ഷ്യം.  ജില്ലയിലെ 131 സ്കൂളുകളിലെ 4927 കുട്ടികള്‍ എന്‍എഎസ് പരീക്ഷയെഴുതും. 43 സര്‍ക്കാര്‍ സ്കൂളുകളിലെയും 40 എയ്ഡഡ് സ്കൂളുകളിലെയും 40 അണ്‍എയ്ഡഡ് (സിബിഎസ്ഇ) സ്കൂളുകളിലെയും എട്ട് കേന്ദ്രീയ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. 2256 മൂന്നാം ക്ലാസുകാരും 1152 ആറാംക്ലാസുകാരും 1519 ഒമ്പതാംക്ലാസുകാരും പരീക്ഷയെഴുതും. മൂന്നാം ക്ലാസുകാര്‍ക്കായി 85 ഫീല്‍ഡ് ഇന്‍വെസ്റ്റി​ഗേറ്റര്‍മാരും ആറാംക്ലാസുകാര്‍ക്കായ് 45 പേരും ഒമ്പതാംക്ലാസുകാര്‍ക്കായി 57 പേരും ഉണ്ടാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പരാഖ് ഏജൻസിയുടെ കീഴിലാണ് സർവേ. വിവരണാത്മക ചോദ്യങ്ങളാവും. ഒഎംആർ ഷീറ്റിലാണ് ഉത്തരമെഴുതേണ്ടത്. 45 ചോദ്യങ്ങളാണുള്ളത്. കണക്ക്, ഭാഷ, ചുറ്റുമുള്ള ലോകം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. മൂന്നാംക്ലാസുകാര്‍ പറയുന്ന ഉത്തരങ്ങള്‍ ഫീല്‍ഡ് ഇന്‍വെസ്റ്റി​ഗേറ്റര്‍മാരാണ് ഒഎംആര്‍ ഷീറ്റില്‍ രേഖപ്പെടുത്തുന്നത്. ബുധനാഴ്ച നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ തുടർച്ചയായി നടത്തേണ്ടിയിരുന്ന ജില്ലാ  സ്‌കൂൾ കലോത്സവത്തിന് അവധി നൽകിയിട്ടുണ്ട്. കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവരിൽ പലരും എൻഎഎസ് പരീക്ഷയെഴുതുന്നവരാണ്. കേന്ദ്ര നിർദേശപ്രകാരം നടത്തുന്ന എൻഎഎസിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന ലക്ഷ്യത്തോടെയാണ് ബുധനാഴ്ചത്തെ കലോത്സവം ഒഴിവാക്കിയത്. Read on deshabhimani.com

Related News