ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് തീപിടിച്ചു: കോടികളുടെ നഷ്ടം



ഒല്ലൂര്‍ ദേശീയപാത മരത്താക്കരയിൽ ഫര്‍ണിച്ചര്‍ സ്ഥാപനത്തിൽ തീപിടിച്ച് കടയിലെ സ്റ്റോക്ക് ഉള്‍പ്പെടെ  കത്തി നശിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.  ആര്‍ക്കും പരിക്കില്ല.  ബുധൻ പുലര്‍ച്ചെ രണ്ടൊടെയാണ് ഡി  ടെയ്ല്‍ എന്ന കടയില്‍ തീപിടുത്തം ഉണ്ടായത്.  കടയിലെ ജീവനക്കാരാണ്‌ തീ ആദ്യം കണ്ടത്. ഇവർ അഗ്നിരക്ഷാ സേനയെ വിവിരം അറിയിച്ചു. ഉടന്‍   തൃശൂരിൽ നിന്ന്‌  അഗ്നിരക്ഷാസേനയെത്തി.  പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി  എന്നിവിടങ്ങളിലെ അഗ്നിരക്ഷാ കേന്ദ്രങ്ങളിൽ നിന്ന്‌ നിരവധി യൂണിറ്റുകളെത്തി  മണിക്കുറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്‌. എറണാകുളം സ്വദേശി ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. വലിയ സ്റ്റോക്കും നിര്‍മാണത്തിനാവശ്യമായ വസ്‌തുക്കളും  യന്ത്ര സമാഗ്രികളും കടയിൽ  ഉണ്ടായിരുന്നതായി പറയുന്നു. ഇവയെല്ലാം കത്തിനശിച്ചു.       അഗ്നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടല്‍ കാരണം  സമീപപ്രദേശത്തെ വീടുകളിലെക്കും കടകളിലെക്കും തീപടരാതെ നിയന്ത്രിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ ബി വൈശാഖിന്റെ നേത്യത്വത്തില്‍ അസിസ്റ്റന്റ്‌  സ്റ്റേഷന്‍ ഓഫീസര്‍ ടി അനില്‍കുമാര്‍, സീനിയര്‍ ഫയര്‍ ആൻഡ് റെസ്‌ക്യു ഓഫിസര്‍ എം ജി രാജേഷ്,  ഫയര്‍ ആൻഡ് റെസ്‌ക്യു ഓഫിസര്‍ന്മാരായ പ്രമോദ്, ക്യഷ്ണപ്രസാദ്, ജയേഷ്, സന്തോഷ്‌കുമാര്‍, സുബൈര്‍, ശിവദാസ്, ജിമോദ്, വനിതാ ഓഫിസര്‍ന്മാരായ ആന്‍ മരിയ, ആല്‍മ മാധവന്‍, ആര്യ, അഖില, എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.      തീപിടിത്തം സംബന്ധിച്ച് കുടുതല്‍ അമ്പേഷണം നടത്തിയ ശേഷമേ ക്യത്യമായി നഷ്ടം വിലയിരുത്താന്‍ കഴിയുകയുള്ളൂവെന്ന്‌  അഗ്നിരക്ഷാസേന പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.   Read on deshabhimani.com

Related News