മഴ വെള്ളം താഴാതെ കൃഷിഭൂമി
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്‌ത കനത്തമഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ബുധനാഴ്‌ച മഴയൊഴിഞ്ഞെങ്കിലും മിക്കയിടങ്ങളിലും പാടത്തെ വെള്ളം താഴ്‌ന്നിട്ടില്ല. ഏകദേശം 1500 ഏക്കറോളം കൃഷി നശിച്ചതായാണ് പ്രഥമിക വിലയിരുത്തൽ. തൃശൂർ, അരിമ്പൂർ, ചേർപ്പ്, പറപ്പൂക്കര, പഴഞ്ഞി, ഇരിങ്ങാലക്കുട, മണലൂർ, പുഴയ്‌ക്കൽ, കൊടകര, കുന്നംകുളം എന്നിവിടങ്ങളിലാണ് കൂടുതലായും കൃഷിനാശം സംഭവിച്ചത്. പാടങ്ങളിലെ വെള്ളമിറങ്ങിയശേഷമേ, പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. എൽത്തുരുത്ത് –- മാരാർ കോൾപ്പടവുകളിൽ ബണ്ട് പൊട്ടി 150 ഏക്കറിലെ നെൽ കൃഷി നശിച്ചിരുന്നു. വെള്ളം കയറി 60 ദിവസത്തോളം മൂപ്പെത്തിയ നെൽകൃഷിയാണ് നശിച്ചത്. തൃശൂർ മേഖലയിൽ 140 ചെറുകിട–- ഇടത്തരം കർഷകർക്ക് 40 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. ചൂരക്കാട്ടുകര- മുതുവറ കോൾ പടവിലെ 290 ഏക്കർ നെൽകൃഷി മുഴുവൻ വെള്ളത്തിനടിയിലായി. നട്ട് കഴിഞ്ഞ് അഞ്ചു ദിവസം മുതൽ പത്തു ദിവസം വരെ പാകമായ നെൽച്ചെടികളാണ് വെള്ളത്തിനടിയിലായത്. കനത്ത മഴയിൽ പോർക്കുളം പഞ്ചായത്തിലെ കോൾ മേഖലയിൽ ഉൾപ്പെട്ട 45 ഏക്കറോളം നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. രണ്ട് ദിവസം മുമ്പ് ഞാറ് നടീൽ പൂർത്തിയാക്കിയ പാടങ്ങളാണ് ഇവ. പൊന്നം അരുവായി പാടശേഖരത്തിലെ വെള്ളം ഒഴിഞ്ഞു പോകാത്തത് കർഷകർക്ക് കനത്ത നഷ്ടമാണ് വരുത്തിയത്. പറപ്പൂക്കരയിൽ 250 ഏക്കർ പാടത്തെ നെൽകൃഷി, ചേർപ്പ് ചാഴൂർ കോവിലകം പടവിൽ ഞാറ് നട്ട് കഴിഞ്ഞ 350 ഏക്കറോളം പാടവും വെള്ളത്തിലായി. ഇരിങ്ങാലക്കുട എടതിരിഞ്ഞിയിൽ 25 ഏക്കർ കൃഷി, മൂർക്കനാട് പൈങ്കിളിപ്പാടത്തെ 85 ഏക്കർ എന്നിവ പൂർണമായും വെള്ളത്തിനടിയിലായി. കൊടകരയിൽ അഞ്ച് പാടശേഖരങ്ങളിലായി ഏതാണ്ട് 250 ഏക്കർ നെൽ ഉൾപ്പെടെയുള്ള കൃഷിനാശമാണ് കണക്കാക്കുന്നത്. മൂന്ന് മുതൽ അഞ്ച് കോടി രൂപ വരെയാണ് നാശനഷ്‌ടം കണക്കാക്കുന്നത്. ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ട പരിഹാരത്തുകയും വിളകൾ ഇൻഷുറൻസ് ചെയ്യാത്ത കർഷകർക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള നഷ്ടപരിഹാര തുകയും ലഭിക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിലയിരുത്തിയ ശേഷം നഷ്‌ടപരിഹാര തുക അനുവദിക്കും. Read on deshabhimani.com