തൃശൂരിൽ 221 കിലോ കഞ്ചാവ്‌ പിടിച്ചു

പിടിച്ചെടുത്ത കഞ്ചാവ്


തൃശൂർ ഒഡീഷയിൽനിന്ന്‌ ആഡംബര കാറിൽ കടത്തിയ 221 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ. തൃശൂർ, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ മൊത്തവിതരണത്തിനായി  കടത്തിയ കഞ്ചാവാണ്‌  തൃശൂർ സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിൽ  ലഹരി വിരുദ്ധ സ്ക്വാഡും നെടുപുഴ പൊലീസും  പിടികൂടിയത്‌.  തൃശൂർ ചിയ്യാരം നടയൻതിരുത്തി വീട്ടിൽ അലി എന്ന അലക്സ് (41), തൃശൂർ പൂവത്തൂർ അറയ്ക്കൽ വീട്ടിൽ റിയാസ് എന്ന റിയാസുദ്ദീൻ (32), ആലപ്പുഴ പനവള്ളി  കൊട്ടിയാലിൽ വീട്ടിൽ പ്രവീൺരാജ് (35),  ഇരിങ്ങാലക്കുട കാട്ടൂർ കണ്ണമ്പിള്ളി വീട്ടിൽ ജേക്കബ് എന്ന ചാക്കോ (30) എന്നിവരാണ്  പിടിയിലായത്. ഒഡീഷയിലെ വൻകിട മൊത്ത വിതരണക്കാരിൽനിന്നാണ്‌ കഞ്ചാവ്‌ വാങ്ങിയതെന്ന്‌ പ്രതികൾ മൊഴി നൽകി. കേരളത്തിലെ വിവിധ ജില്ലകളിലെത്തിച്ച് ഇടനിലക്കാർക്ക് മറിച്ചുവിൽക്കുന്നതാണ് ഇവരുടെ രീതി.  പത്തിരട്ടിയിലധികം ലാഭത്തിനാണ് ഇവർ കഞ്ചാവ്‌ വിൽപ്പന നടത്തുന്നത്‌.  അറസ്റ്റിലായവരുടെ സാമ്പത്തികസ്രോതസ്സും ഇവർക്ക് കഞ്ചാവ് വിതരണം ചെയ്തവരെപ്പറ്റിയും ചില്ലറ വിൽപ്പന നടത്തുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കഞ്ചാവ്‌ കടത്തുന്നതിന് ഇവർ സ്വകാര്യ കാറുകളാണ് ഉപയോഗിക്കുന്നത്. സംശയം തോന്നാതിരിക്കാൻ ഹരിയാണ രജിസ്ട്രേഷനുള്ള ആഡംബര കാറാണ് ഇത്തവണ ഉപയോഗിച്ചത്‌. Read on deshabhimani.com

Related News