"സച്ചിദാനന്ദം കാവ്യോത്സവം' ഇരിങ്ങാലക്കുടയിൽ നാളെ മുതൽ
തൃശൂർ മലയാളത്തിന്റെ വിശ്വകവി കെ സച്ചിദാനന്ദന് സ്‌നേഹാദരമായുള്ള ‘സച്ചിദാനന്ദം കാവ്യോത്സവം' ശനി, ഞായർ ദിവസങ്ങളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട പൗരാവലിയും ക്രൈസ്റ്റ് കോളേജും കാവ്യശിഖ ഉൾപ്പെടെയുള്ള മുപ്പതോളം സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളുമാണ് ആതിഥേയത്വം വഹിക്കുന്നത്. ഞായറാഴ്‌ച നടക്കുന്ന കാവ്യമഹോത്സവം എം മുകുന്ദൻ, സാറാ ജോസഫ്, കെ വി രാമകൃഷ്ണൻ, സുനിൽ പി ഇളയിടം, അശോകൻ ചരുവിൽ, ടി ഡി രാമകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. സച്ചിദാനന്ദന്റെ പുതിയ പുസ്തകങ്ങൾ പ്രകാശിപ്പിക്കും. ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് സച്ചിദാനന്ദനും എം സ്വരാജും തമ്മിലുള്ള കാവ്യസംവാദം. ശനിയാഴ്‌ച പകൽ ഒന്നിന് ‘കവിതയുടെ കലാശങ്ങൾ' എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്‌ച ആരംഭിക്കുന്ന പുസ്തകോത്സവത്തിൽ മുപ്പതോളം പ്രസാധകർ പങ്കെടുക്കും. ഫാ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്യും. കാവ്യമേളത്തിൽ ക്യാമ്പസ് കവികളും മുതിർന്ന കവികളും പങ്കെടുക്കും. മൂന്ന് ദിവസങ്ങളിൽ ഇരുപതിലേറെ സെഷനുകളിലായി നൂറിലധികം എഴുത്തുകാർ പങ്കെടുക്കും. സി രാവുണ്ണി, വർഗീസ് ആന്റണി, ഫാ. ജോളി ആൻഡ്രൂസ്, മുവിഷ് മുരളി, വി വി റാൽഫി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com