അതിതീവ്രമഴയിൽ തകർന്നത് 298 വീട്
തൃശൂർ കാലവർഷത്തിൽ തകർന്നത് 298 വീട്. എട്ട് ജീവനും നഷ്ടമായി. കൃഷിക്ക് വൻ നാശമുണ്ടായി. പാലങ്ങളും റോഡുകളും തകർന്നു. കെഎസ്‌ഇബിയുടെ വൈദ്യുതിക്കാലുകളും നഷ്ടമായി. ജൂലൈ 28 മുതൽ ആഗസ്‌ത് രണ്ടുവരെ ജില്ലയിലെ വിവിധയിടങ്ങളില്‍ പെയ്ത അതിതീവ്രമഴയാണ് വൻ നാശത്തിനിടയാക്കിയത്. 58 വില്ലേജുകളിലാണ് കൂടുതൽ നാശം. ജൂൺ ഒന്നുമുതൽ ആഗസ്‌ത് അഞ്ചുവരെയുള്ള കണക്ക് പ്രകാരം 12 വീട് പൂർണമായും 286 വീട് ഭാഗികമായും തകർന്നതായാണ് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന് ലഭിച്ച കണക്ക്. പീച്ചി ഡാം 72 ഇഞ്ച് തുറന്നതോടെ വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ വൻതോതിൽ നശിച്ചു. പൊതുമരാമത്ത് വകുപ്പ് കണക്ക് പ്രകാരം 32 റോഡുകൾ തകർന്നു. 52 റോഡുകളിൽ വലിയ വെള്ളക്കെട്ടുണ്ടായി. ഏകദേശം 9. 52 കോടിയുടെ നഷ്ടമുണ്ടായി. കെഎസ്‌ഇബിക്ക് 2.44 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ തകർന്ന് 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ചീരക്കുഴി ഡാമിന്റെ സംരക്ഷണഭിത്തികളും അനുബന്ധ റോഡുകളും കനാൽ ശൃംഖലകളും മരങ്ങൾ അടിഞ്ഞ് ഷട്ടറുകളും തകർന്നു. രണ്ടുകോടിയുടെ നഷ്ടമുണ്ടായി. ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ചെക്ക് ഡാമുകൾക്കും കേടുപാടുണ്ടായി. വില്ലേജ്–-പഞ്ചായത്ത്, ജില്ലാ, സംസ്ഥാനതല അവലോകന കമ്മിറ്റികളുടെ പരിശോധനയ്ക്കുശേഷമാണ് ഔദ്യോഗിക നഷ്ടം കണക്കാക്കുക. 10.46 മില്ലിമീറ്റർ മഴ തൃശൂർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നേരിയ തോതിൽ മഴ പെയ്തു. ജില്ലയിൽ ശരാശരി 10.46മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. നിലവിൽ 37 ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 857 കുടുംബങ്ങളിൽ നിന്നായി 2351 പേരാണുള്ളത്. പുരുഷന്മാർ–-- 972, സ്ത്രീകൾ–- 989, കുട്ടികൾ–- 390. Read on deshabhimani.com