മെഗാ സൗരോര്‍ജ വൈദ്യുതി പദ്ധതി പൂര്‍ത്തിയായി
ഗുരുവായൂർ ദേവസ്വത്തിൽ മെഗാ സൗരോർജ വൈദ്യുതി പദ്ധതി ശനിയാഴ്ച മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലുമായി സ്ഥാപിച്ച പുരപ്പുറ സൗരോർജ പദ്ധതി വഴി 250 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. വൈദ്യുതി സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സൗരവൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് കടക്കുന്ന സംസ്ഥാനത്തെ ആദ്യ ദേവസ്വം ബോർഡാണ് ഗുരുവായൂർ. 545 വാട്ടിന്റെ 144 സോളാർ പാനലുകൾ സ്ഥാപിച്ചു. മറ്റു ഉപകരണങ്ങളും പ്രവർത്തനസജമാക്കി. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി മൂന്ന് ഗ്രിഡ് ബന്ധിത ഇൻവെർട്ടർ വഴി ദേവസ്വം പവർഹൗസിലെത്തിക്കും. ദിനംതോറും ഉപയോഗിക്കുന്ന ആയിരം യൂണിറ്റ് വൈദ്യുതിയുടെ 20 ശതമാനം ആദ്യഘട്ടത്തിൽ ലഭ്യമാകും. ഇതോടെ വൈദ്യതി ചാർജിനത്തിൽ മാസം രണ്ടു ലക്ഷം രൂപ ലാഭിക്കാനാകും. ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ 1.90 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സോളാർ ടെക് റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു കരാർ. അഞ്ചു വർഷത്തെ വാർഷിക അറ്റകുറ്റപണിയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധ്യമായ ദേവസ്വം സ്ഥാപനങ്ങളിലെല്ലാം സൗരോർജപദ്ധതി നടപ്പാക്കും. കൂടാതെ വേങ്ങാട്ടെ പന്ത്രണ്ട് ഏക്കർ തുറസായ സ്ഥലത്ത് സോളാർ പാടം സ്ഥാപിച്ച് സൗരവൈദ്യതി ഉൽപ്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു. ഇതിനായുള്ള പദ്ധതികൾക്ക് രൂപം നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com