ഹരിത അയൽക്കൂട്ടങ്ങളാകാൻ ഒരുങ്ങി കുടുംബശ്രീ



തൃശൂർ ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് മാലിന്യമുക്ത നവകേരളം 2.0 ക്യാമ്പയിനിന്റെ ഭാഗമായി സർവേയും ഗ്രേഡിങ്ങും നടത്തി കുടുംബശ്രീ. മാലിന്യമുക്ത നവകേരളതിന് പുതിയ ചുവടുവയ്‌പ്പാണ്‌ കുടുംബശ്രീയുടെ ലക്ഷ്യം. ജില്ലയിൽ നിന്നും 22810  അയൽക്കൂട്ടങ്ങളാണ്‌ സർവേയിലും ഗ്രേഡിങ്ങിലും പങ്കെടുക്കുന്നത്‌. സിഡിഎസ്, എഡിഎസ് അംഗങ്ങൾ, ഡിജി കേരള വളന്റിയർമാർ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽനിന്ന്‌ എഡിഎസ്‌ തെരഞ്ഞെടുക്കുന്ന രണ്ടംഗ സംഘമാണ്‌ ഗ്രേഡിങ്ങിനെത്തുക. അംഗങ്ങളുടെ വീടുകളിലെ മാലിന്യസംസ്‌കരണ രീതി, അയൽക്കൂട്ട പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ, പ്രദേശത്തെ വീടുകളിൽ മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാൻ നടത്തിയ ഇടപെടൽ, പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളുന്നത്‌ തടയാൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ, നിരോധിത പ്ലാസ്റ്റിക്ക്‌ ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയാനുള്ള പ്രവർത്തനങ്ങൾ, വൃത്തിയുള്ള പാതയോരങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ, പരിസരശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ഒമ്പത്‌ മാനദണ്ഡങ്ങളാണ്‌ വിലയിരുത്തുക. ജില്ലയിലെ മാലിന്യമുക്ത നവകേരള ക്യാമ്പയിൻ പ്രവർത്തനങ്ങൾ നേരത്തേ തുടങ്ങിയിരുന്നു. രണ്ടിന്‌ ആരംഭിച്ച ഗ്രേഡിങ്ങിൽ 25 ശതമാനം അയൽക്കൂട്ടങ്ങളുടെ സർവേ 19-ന് മുമ്പും നവംബർ 30-ന് മുമ്പ് 50 ശതമാനം അയൽക്കൂട്ടങ്ങളുടെയും ഡിസംബർ 31-ന് മുമ്പായി 100 ശതമാനം അയൽക്കൂട്ടങ്ങളുടെയും ഗ്രേഡിങ് പൂർത്തിയാക്കും. സർവേയിൽ 60 ശതമാനമോ അതിലധികമോ മാർക്ക്‌ നേടുന്ന അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടമായി സിഡിഎസ് പ്രഖ്യാപിച്ച്‌ സാക്ഷ്യപത്രം   കൈമാറും. 2025 ഫെബ്രുവരി 15ന് മുമ്പ്‌ എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് ജില്ലാ മിഷൻ കോ–-ഓ-ർഡിനേറ്റർ  യു സലിൽ അറിയിച്ചു. Read on deshabhimani.com

Related News