എറവ് ക്ഷേത്രത്തിലെ കവർച്ച: മോഷ്ടാവ് പിടിയിൽ
അരിമ്പൂർ എറവ് മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തെ മൃഗാശുപത്രിയിൽ നിന്നുമായി കാൽ ലക്ഷം രൂപ കവർന്ന പ്രതിയെ 48 മണിക്കൂറിനുള്ളിൽ കുടുക്കി പൊലീസ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവിള വീട്ടിൽ നജിമുദ്ദീനെ (52) യാണ് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി കെ ജി സുരേഷിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. പഴയന്നൂരിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടിയിലായത്. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരൂർ സബ് ജയിലിലായിരുന്ന ഇയാൾ 10 ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. രാത്രി 12ന് ബസിൽ വന്നിറങ്ങി ചൊവ്വ പുലർച്ചെ 2നാണ് എറവ് ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ആലുവ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, നോർത്ത്, തിരൂർ, കോട്ടയം ഗാന്ധിനഗർ, കരുനാഗപ്പിള്ളി പൊലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണകേസുകളിൽ പ്രതിയാണ്. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും ഭണ്ഡാരവും കുത്തിത്തുറന്ന് 25,000 രൂപയും മൃഗാശുപത്രിയിലെ അലമാര കുത്തിത്തുറന്ന് 1000 രൂപയുമാണ് കവർന്നത്. ശേഷം മൃഗാശുപത്രിയുടെ തിണ്ണയിൽ ഉറങ്ങി രാവിലെ എണീറ്റ് കുളിച്ച് പുലർച്ചെ 5നുള്ള ബസിലാണ് സ്ഥലം വിട്ടത്. ക്ഷേത്രത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി. 10,000 രൂപയോളം ഇയാളിൽ നിന്ന് കണ്ടെടുത്തു. അന്തിക്കാട് പ്രിൻസിപ്പൽ എസ്ഐ കെ അജിത്ത്, എസ്ഐ വി എസ് ജയൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒ ഇ എസ് ജീവൻ, സിപിഒ കെ എസ് ഉമേഷ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു Read on deshabhimani.com