ഓണവിപണിയിൽ താരമായി ഗ്രീൻ മൈത്രി വെളിച്ചെണ്ണ
വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് ഉൽപ്പന്നമായ ഗ്രീൻ മൈത്രി വെളിച്ചെണ്ണ ശുദ്ധം മാത്രമല്ല സഹകരണ മേഖലയിലെ വിജയമാതൃകകൂടിയാണ്. വെളിച്ചെണ്ണ കൊണ്ട് ഉണ്ടാക്കുന്ന കായ വറവ്, ശർക്കര വരട്ടി, നാല് നുറുക്ക് എന്നിവയ്ക്ക് കടൽ കടന്നും പ്രിയമേറുകയാണ്. വ്യവസായ വകുപ്പ് ഇതിനോടകം ഗ്രീൻ മൈത്രി വെളിച്ചെണ്ണ നന്മ ബ്രാൻഡിൽ വിപണനം ചെയ്യാൻ താൽപ്പര്യമെടുത്തിട്ടുണ്ട്. മാർക്കറ്റ്‌ഫെഡ് വഴി ഓണച്ചന്തകൾക്കും വെളിച്ചെണ്ണ വിതരണം ചെയ്യുന്നു. കർഷകരിൽ നിന്ന് നേരിട്ടാണ് നാളികേരം സംഭരിക്കുന്നത്. പൊതുവിപണിയേക്കാൾ കിലോയ്ക്ക് 50 പൈസ കൂടുതൽ നൽകിയാണ് സംഭരണം. ഇതുവഴി ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് 5,85,756 കിലോ നാളികേരം സംഭരിക്കാനും 1,71,49,566 രൂപ കർഷകർക്ക് വിതരണം ചെയ്യാനും സാധിക്കുന്നുണ്ട്. ഒരേസമയം 40,000 നാളികേരം വെളിച്ചെണ്ണ ആക്കുന്നതിനുള്ള സംവിധാനവും ഇവിടെ സജ്ജമാണ്. നാളികേര വികസന ബോർഡ് സഹായത്തോടെ ‘കോക്കനട്ട് മ്യൂസിയം’ സ്ഥാപിക്കാനും ശ്രമം നടക്കുന്നു. നാളികേര വെള്ളം കൊണ്ട് ഉണ്ടാക്കാവുന്ന ഉൽപ്പന്നങ്ങൾ അടുത്ത് തന്നെ വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന് പി എസ് സി ബാങ്ക് പ്രസിഡന്റ് സി എസ് സുരേഷ് ബാബു, ബാങ്ക് സെക്രട്ടറി വി മനോജ് കുമാർ എന്നിവർ പറഞ്ഞു. Read on deshabhimani.com