പ്രതികളെ റിമാൻഡ്‌ ചെയ്‌തു



തൃശൂർ ഈസ്റ്റ്‌ പൊലീസ്‌ കോടതിയിൽ ഹാജരാക്കിയ, എടിഎം കവർച്ചക്കേസ്‌ പ്രതികളെ റിമാൻഡ്‌ ചെയ്‌തു. കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ്‌ പൊലീസ്‌ പ്രതികളെ കോടതിയിൽ ഹാജരാക്കിയത്‌. മുഖ്യ സൂത്രധാരൻ മുഹമ്മദ്‌ ഇക്രാം,  തെഹ്‌സിൽ  ഇർഫാൻ,  മുബാറക്‌ ആദം, സാബിർ ഖാൻ, ഷൗക്കീൻ എന്നിവരാണ്‌ കസ്റ്റഡിയിലുണ്ടായിരുന്നത്‌. കോലഴി, മാപ്രാണം കേസുകളിൽ വിയ്യൂർ, ഇരിങ്ങാലക്കുട പൊലീസ്‌ പ്രതികളുടെ ഔപചാരിക അറസ്റ്റ്‌ രേഖപ്പെടുത്തി. വിയ്യൂർ പൊലീസ്‌ പ്രതികൾക്കായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്‌. വിയ്യൂർ പൊലീസിന്റെ നടപടികൾ പൂർത്തിയായശേഷം മാത്രമാണ്‌ ഇരിങ്ങാലക്കുട പൊലീസ്‌ കസ്റ്റഡി അപേക്ഷ നൽകുക.  പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുമുമ്പ്‌ തന്നെ വിവര ശേഖരണം നടത്താനുള്ള ശ്രമത്തിലാണ്‌ ഇരിങ്ങാലക്കുട പൊലീസ്‌. ആദ്യ മോഷണം മാപ്രാണത്തായതിനാൽ പ്രതികൾ എത്തിയ വഴി അടക്കമുള്ള വിവരങ്ങൾ ശേഖരിക്കണം. ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.  ജില്ലയിൽ മൂന്നിടത്ത്‌ എടിഎം കവർച്ചയ്‌ക്കുപയോഗിച്ച ഗ്യാസ്‌ കട്ടറും എടിഎം ട്രേകളും താണിക്കുടം പുഴയിൽനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌.  രണ്ട്‌ ഗ്യാസ്‌ സിലിണ്ടർ,  എടിഎമ്മിൽ പണം നിറയ്ക്കുന്ന ഒമ്പത്‌ ട്രേകൾ ഷൊർണൂർ റോഡ്‌ എടിഎമ്മിലെ വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ്‌ ചെയ്യുന്ന ഡിവിആർ എന്നിവയാണ്‌  കണ്ടെത്തിയത്‌. പ്രധാന തെളിവുകളെല്ലാം  ലഭിച്ച സാഹചര്യത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌.   കോലഴിയിലെ എടിഎം  കവർച്ചയ്‌ക്കുശേഷം മണ്ണുത്തി ദേശീയ പാതയിലേക്ക്‌  രക്ഷപ്പെടുന്നതിനിടെ താണിക്കുടം പാലത്തിൽ കാർ നിർത്തി ആയുധവും ട്രേകളും പുഴയിലേക്ക് എറിഞ്ഞെന്നായിരുന്നു പ്രതികളുടെ മൊഴി. പട്ടിക്കാട്‌ കാത്തുകിടന്നിരുന്ന  കണ്ടെയ്നർ ലോറിയിലേക്ക്‌ കാർ കയറ്റി രക്ഷപ്പെടുകയായിരുന്നു. ഹരിയാനയിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടെ നാമക്കലിൽ തമിഴ്‌നാട്‌ പൊലീസുമായി ഏറ്റുമുട്ടിയതിനെത്തുടർന്നാണ്‌  പിടിയിലായത്‌.   സെപ്‌തംബർ 27ന് പുലർച്ചെയാണ് തൃശൂരിൽ മൂന്ന്‌ എടിഎമ്മുകൾ തകർത്ത്‌  69.41 ലക്ഷം കവർന്നത്.  പ്രതികളിലൊരാളായ ജമാലുദീൻ പൊലീസ്‌ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു പ്രതി അസർ അലിയുടെ കാലിൽ വെടിയേറ്റതിനെത്തുടർന്ന്‌ മുറിച്ചുമാറ്റേണ്ടി വന്നു. ഇയാൾ നിലവിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌. Read on deshabhimani.com

Related News