റോഡിൽ തനിയെ 3 വയസ്സുകാരി: രക്ഷകരായി നാട്ടുകാർ
ദേശമംഗലം കൂട്ടുപാതയിൽ റോഡിലൂടെ തനിച്ച് നടന്നു പോയിരുന്ന മൂന്നു വയസ്സുകാരിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. വീട്ടുകാർ സ്റ്റേഷനിലെത്തിയതോടെ ആശങ്കയ്ക്കും കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വ്യാജ സന്ദേശങ്ങൾക്കും വിരാമമായി. ചൊവ്വാഴ്ച പകലാണ് സംഭവം. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഒരു സംഘം ആളുകൾ നാലു ദിവസം മുമ്പാണ് കൃഷിപ്പണിക്കായ് ദേശമംഗലത്തെത്തിയത് . അരേശ് മർമ്മു തന്റെ മൂന്നു വയസ്സുള്ള മകളെ ഇദ്ദേഹത്തിന്റെ അമ്മയെ ഏൽപ്പിച്ച ശേഷം ഓങ്ങല്ലൂർ പ്രദേശത്തെ പാടത്ത് പണിക്കു പോയിരുന്നു. അമ്മൂമ്മ കാണാതെ കുട്ടി റോഡിലേക്കിറങ്ങുകയായിരുന്നു. ഒറ്റക്ക് നടന്നു പോകുന്നതിൽ പന്തികേട് തോന്നിയ നാട്ടുകാർ കുട്ടിയെ സമീപത്തെ ബേക്കറിയിൽ ഇരുത്തിയ ശേഷം പലഹാരങ്ങൾ നൽകി. വിവരങ്ങൾ തിരക്കിയപ്പോൾ കുട്ടിക്ക് വ്യക്തമായി സംസാരിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഉടനെ ചെറുതുരുത്തി പൊലീസിൽ വിവരമറിയിച്ചു. ചെറുതുരുത്തി എസ്ഐ എ ആർ നിഖിലിന്റെ നേതൃത്വത്തിൽ കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിക്കുന്നതിനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിനിടെ ദേശമംഗലത്തു നിന്ന് നാട്ടുകാർ കുട്ടിയുടെ രക്ഷിതാവിനെ കണ്ടെത്തി. ചെറുതുരുത്തി സ്റ്റേഷനിലെത്തിയ അരേശ് മർമ്മുവിന്റെ വിശദമായ മൊഴിയെടുത്ത ശേഷം പൊലീസ് കുട്ടിയെ കൈമാറി. കുട്ടിയുടെ അമ്മ രണ്ടു വർഷം മുമ്പ് മരിച്ചിരുന്നു. Read on deshabhimani.com