തുലാവർഷമെത്തുന്നൂ, അപകട മിന്നലും



തൃശൂർ കാലവർഷം കടന്ന്‌ തുലാവർഷമെത്തുന്നു.  ഇനിയുള്ള ദിവസങ്ങളിൽ അപകടകാരമായ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.  കാലവർഷത്തിൽ ചില ദിവസങ്ങളിൽ അതിതീവ്രമഴ പെയ്‌തിറങ്ങി ദുരന്തം വിതച്ചെങ്കിലും ശരാശരിയേക്കാൾ കുറവാണ്‌ മഴ ലഭിച്ചത്‌. തുലാവർഷം ആരംഭിച്ചതായി കാലാവസ്ഥ വകുപ്പ്‌ ഔദ്യോഗികമായി  പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അനുകൂല സാഹചര്യങ്ങൾ  രൂപപ്പെട്ടിട്ടുണ്ട്‌.  ജൂൺ ഒന്നുമുതൽ സെപ്‌തംബർ 30 വരെയുള്ള കാലയളവിൽ  പെയ്യുന്ന മഴയാണ്‌ കാലവർഷമായി കണക്കാക്കുന്നത്‌.  ജില്ലയിൽ കാലവർഷത്തിൽ 1871.3 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. 2132.1  മില്ലിമീറ്ററാണ്‌ ലഭിക്കേണ്ടത്‌.  12 ശതമാനം കുറവ്‌. സംസ്ഥാനത്ത്‌ 2018.6 മില്ലി മീറ്ററാണ്‌ ലഭിക്കേണ്ടിയിരുന്നത്‌ എന്നാൽ  1748.1 മില്ലി മീറ്ററാണ്‌ ലഭിച്ചത്‌. 13 ശതമാനത്തിന്റെ കുറവ്‌. എന്നാൽ 19 ശതമാനം അധികം ലഭിച്ചാലും കുറവ്‌ ലഭിച്ചാലും ശരാശരി മഴ ലഭിച്ചതായാണ്‌ കണക്കാക്കുകയെന്ന്‌ കാലാവസ്ഥ ഗവേഷകൻ ഗോപകുമാർ  ചോലയിൽ പറഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ മെച്ചപ്പെട്ട മഴ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.  ഒക്‌ടോബർ ഒന്നുമുതൽ  മുതൽ ഡിസംബർ 31 വരെ പെയ്യുന്ന മഴ തുലാവർഷ കണക്കിൽപ്പെടും.  ഈ സീസണിൽ  കേരളത്തിൽ 492 മില്ലി മീറ്റർ മഴയാണ്‌ ശരാശരി ലഭിക്കേണ്ടത്‌. ഇതുവരെ 48.7 മില്ലി മീറ്ററാണ്‌ ലഭിച്ചത്‌. തൃശൂരിൽ 485.6 മില്ലി മീറ്ററാണ്‌ ലഭിക്കേണ്ടത്‌. ഇതുവരെ 28.3 മില്ലി മീറ്റർ ലഭിച്ചു.   ജനുവരി, ഫെബ്രുവരി ശൈത്യകാലത്ത്‌ 21 മില്ലിമീറ്റർ മഴയും മാർച്ച്‌ ഏപ്രിൽ, മെയ്‌  മാസങ്ങളിൽ  വേനൽ മഴയിൽ  359 മില്ലിമീറ്റലും   ലഭിക്കാറുണ്ട്‌. തുലാവർഷത്തിൽ കനത്ത മഴയ്ക്കൊപ്പം ഇടിയോടു കൂടി മിന്നലും ഉണ്ടാവാറുണ്ട്‌.  ന്യൂനമർദങ്ങൾ രൂപപ്പെടും.  കടലിൽ  ചക്രവാതച്ചുഴികളും  ചുഴലിക്കാറ്റുകളും ഉണ്ടാകും. അതിനാൽ ജാഗ്രതവേണമെന്ന്‌  കേരള സംസ്ഥാന ദുരന്തനിവാരണ സമിതി മുന്നറിയിപ്പ്‌ നൽകി.  മിന്നൽ അപകടകാരികളാണ്.  മനുഷ്യന്റെയും   മൃഗങ്ങളുടെയും ജീവനും വൈദ്യുതി  ശൃംഖലകൾക്കും  ഉപകരണങ്ങൾക്കും വൻ നാശനഷ്ടം സൃഷ്ടിക്കും. മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ  തുറസ്സായ സ്ഥലങ്ങളിൽ നിന്ന്‌ സുരക്ഷിത  കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. Read on deshabhimani.com

Related News