തൊഴിലും പഠിക്കാം; 18 നൈപുണി 
വികസന കേന്ദ്രങ്ങള്‍

കുന്നംകുളം ​ഗവ. ബോയ്സ് ​ജിഎച്ച്എസ്എസിലെ നൈപുണി വികസന കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ ഹൈഡ്രോപോണിക്സ് ടെക്നീഷ്യന്‍ പരിശീലനത്തിൽ


തൃശൂർ അഭിരുചിക്കനുസരിച്ച് വിദ്യാർഥികളിൽ തൊഴിൽ വൈദ​ഗ്ധ്യം വളർത്തിയെടുക്കാൻ നൈപുണി വികസന കേന്ദ്രങ്ങളുമായി സമ​ഗ്രശിക്ഷ കേരളം. നവംബറോടെ ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 18 നൈപുണി വികസന കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിക്കും. സംസ്ഥാനത്ത് വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ എൻഎസ്ക്യുഎഫ് പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികള്‍ മാത്രമാണ്  പഠനത്തിനൊപ്പം തൊഴിൽ വൈദഗ്ധ്യം നേടുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമ​ഗ്ര ശിക്ഷാ കേരളം നൈപുണി വികസന കേന്ദ്രങ്ങൾ ഒരുക്കുന്നത്.  23 വയസ്സിന് താഴെയുള്ളവർക്കാണ് പരിശീലനത്തിന് അവസരം. ഹയർസെക്കൻഡറി വിദ്യാർഥികൾ, പ്ലസ്ടു, ഡി​ഗ്രി പഠനം പൂർത്തിയാക്കിയവർ, ഭിന്നശേഷിക്കാർ, ആദിവാസി മേഖലയിലുള്ളവർ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയത് പഠിക്കുന്നവർ എന്നിവർക്ക് സൗജന്യമായി പരിശീലനം നേടാം. ഒരു ബിആർസിയിൽ ഒരു നൈപുണി വികസനകേന്ദ്രമാണുണ്ടാവുക. ചൊവ്വന്നൂർ, വെള്ളാങ്ങല്ലൂർ ബിആർസികളിൽ രണ്ടു വീതം സെന്ററുകളുണ്ടാകും.  നിലവിൽ ചൊവ്വന്നൂർ  ബിആർസിയില്‍ കുന്നംകുളം ​ഗവ. ബോയ്സ് ​ജിഎച്ച്എസ്എസിൽ നൈപുണി വികസന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.  സർക്കാർ സെക്കൻഡറി,  വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്. സെന്ററിൽ രണ്ടു തൊഴിലുകൾ പരിശീലിപ്പിക്കും.  ഒരു ബാച്ചിൽ 25 പേരുണ്ടാവും. ഭിന്നശേഷിക്കാരുടെ ബാച്ചിന് കുറഞ്ഞത് പത്തുപേർ മതി. ഒരു വർഷമാണ് പരിശീലനം. ഒരു സെന്ററിന് 21.5 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 11.5 ലക്ഷം ഉപയോഗിച്ച്‌ പശ്ചാത്തല സൗകര്യം ഒരുക്കുമെന്ന് സമ​ഗ്ര ശിക്ഷ കേരളം ജില്ലാ കോ–ഓർഡിനേറ്റർ എൻ ജി ബിനോയ് പറഞ്ഞു. ബാക്കി തുക പരിശീലകരുടെ ശമ്പളത്തിനായി വിനിയോ​ഗിക്കും.  ശനി, ഞായർ ദിവസങ്ങളിലും  അവധി ദിവസങ്ങളിലുമാണ് പരിശീലനം. അക്കാദമിക്ക് സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. സ്കൂൾ തലത്തിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ അനുവദിക്കപ്പെട്ട വിഭാ​ഗത്തിന്റെ മേധാവിക്കായിരിക്കും നടത്തിപ്പ് ചുമതല.  സ്കിൽ സെന്റർ കോർഡിനേറ്ററും രണ്ട് അസിസ്റ്റന്റ് കോർഡിനേറ്ററുമാണ് സെന്ററിലുണ്ടാകുക. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ, ട്രെയിനിങ്, വിദ​ഗ്ധരുടെ ക്ലാസ്സുകൾ എന്നിവയുണ്ടാകും.  Read on deshabhimani.com

Related News