പൂക്കളും... പുഴകളും.. ഭൂമി സുന്ദരം

തൃശൂർ ലളിതകലാ അക്കാദമിയിൽ മാള ഹോളി ഗ്രേസ്‌ അക്കാദമി സ്കൂൾ വിദ്യാർഥികളുടെ ചിത്ര പ്രദർശനത്തിൽ നിന്ന്‌


തൃശൂർ പ്രകൃതിയിലെ കുഞ്ഞുകുഞ്ഞു കാഴ്‌ചകൾ.. പൂക്കളും പുഴകളും പക്ഷികളും പരസ്‌പരം കഥപറയുന്നപോലെ... ലളിതകലാ അക്കാദമിയിലെ ആർട്ട്‌ ഗ്യാലറിയിലെ ചുമരുകൾ കുഞ്ഞുകലാകാരന്മാരുടെ ചിത്രങ്ങളാൽ വിസ്‌മയം തീർക്കുകയാണ്‌. മാള ഹോളി ഗ്രേസ് അക്കാദമി  സ്‌കൂളിലെ വിദ്യാർഥികളുടെ ചിത്ര –- ശിൽപ്പ പ്രദർശനം ‘ആർട്‌സ്‌കേപ് -2024' ആണ്‌ കേരള ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിൽ ആരംഭിച്ചത്‌.  രണ്ട്‌ മുതൽ പ്ലസ്‌ടു വരെയുള്ള 120 വിദ്യാർഥികളുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമാണുള്ളത്. പ്രകൃതി ദൃശ്യങ്ങളും പൂവുകളും മനുഷ്യരും പക്ഷികളും മൃഗങ്ങളും തെരുവുകളുമെല്ലാം  ചിത്രങ്ങളായി. പ്രദർശനത്തിൽ അക്രിലിക്ക്‌ ഉപയോഗിച്ചുള്ള ചിത്രങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. കളിമണ്ണിൽ തീർത്ത ശിൽപ്പങ്ങളും മാറ്റ് കൂട്ടുന്നു. തുടർച്ചയായി ഏഴാം വർഷമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ചിത്രകലാ അധ്യാപകരായ സി എസ് സന്ദീപ്, ദീപ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്‌ കുട്ടികൾ പ്രദർശനത്തിനെത്തിയത്‌. സന്ദർശകർക്ക്‌ മിതമായ നിരക്കിൽ ചിത്രങ്ങൾ വാങ്ങിക്കാനും കഴിയും.  ബാലരമ സീനിയർ ആർട്ടിസ്റ്റ് എം മോഹൻദാസ് പ്രദർശനം ഉദ്‌ഘാടനം ചെയ്‌തു. ഹോളി ഗ്രേസ് സ്‌കൂളിലെ അക്കാദമിക്‌ ഡയറക്ടർ ജോസ് ജോസഫ് ആലുങ്കൽ, പ്രിൻസിപ്പൽ എം ബിനി, കോ–-ഓർഡിനേറ്റർ അമൽ വടക്കൻ എന്നിവർ സംസാരിച്ചു.   12 വരെയാണ്‌ പ്രദർശനം. Read on deshabhimani.com

Related News