തെരഞ്ഞെടുപ്പ്‌ നിയമങ്ങളെ 
വെല്ലുവിളിച്ച്‌ പി വി അൻവർ



ചേലക്കര തെരഞ്ഞെടുപ്പ്‌  നിയമങ്ങളെ വെല്ലുവിളിച്ച്‌  പി വി അൻവർ എംഎൽഎ. ചേലക്കരയിൽ  ആയിരം വീടുകൾ നിർമിച്ചു നൽകുമെന്ന്‌ പ്രഖ്യാപിച്ച്‌  അപേക്ഷിക്കാൻ   ആളുകളെ ഡിഎംകെ ഓഫീസിലേക്ക്‌ വരുത്തുകയാണ്‌. അദ്ദേഹം രൂപീകരിച്ച ഡിഎംകെയുടെ പ്രവർത്തകർ വീടുകയറി ആളുകളോട്‌ വീടിനായി അപേക്ഷിക്കാൻ  ഡിഎംകെ ഓഫീസുകളിൽ എത്തണമെന്ന്‌ ആവശ്യപ്പെടുകയാണ്‌. ഒമ്പത്‌ പഞ്ചായത്തുകളിലും ഇതിനായി ഓഫീസ്‌ തുറന്നിട്ടുണ്ടെന്നാണ്‌ അറിയിപ്പ്‌. ചേലക്കര നഗരത്തിൽ വ്യാപാര സ്ഥാപനത്തിലെ വാടകമുറിയിൽ  പ്രവർത്തിക്കുന്ന ഓഫീസിൽ  ഡിഎംകെയുടെ ബോർഡോ മറ്റ്‌ സൂചനകളോയില്ല. സ്‌ത്രീകൾ ഉൾപ്പെടെയുള്ള വയോധികർ വീടിനായുള്ള അപേക്ഷകൾ വാങ്ങാൻ ഇവിടെയെത്തുന്നു.  അൻവറിന്റെ ജീവനക്കാർ വരുന്നവരുടെ പേരുവിവരങ്ങൾ  രേഖപ്പെടുത്തി അപേക്ഷാഫോം നൽകി രേഖകളുമായി വരാൻ പറഞ്ഞുവിടുന്നു. അൻവർ പിന്തുണയ്‌ക്കുന്ന കോൺഗ്രസ്‌ വിമതൻ എൻ കെ സുധീറിന്റെ പ്രചാരണ നോട്ടീസും നൽകുന്നുണ്ട്‌.     മണ്ഡലത്തിൽ ആയിരം വീടുകൾ നിർമിക്കുമെന്നും പത്തെണ്ണത്തിന്റെ നിർമാണം തുടങ്ങിക്കഴിഞ്ഞതായും ഡിഎംകെ നേതാക്കൾ പറയുന്നു.  അഭയം എന്ന പേരിലാണ്‌ ഭവന പദ്ധതി. ഭൂമിയുള്ളവർക്ക്‌ വീടും അല്ലാത്തവർക്ക്‌ ഭൂമിയും വീടുമാണ്‌ വാഗ്‌ദാനം. അൻവറും സ്‌പോൺസർമാരും  ചേർന്നാണത്രെ പദ്ധതിച്ചെലവ്‌ വഹിക്കുന്നത്‌.  ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌  ഓഫീസ്‌ പ്രവർത്തിക്കുമോ എന്ന്‌ ഉറപ്പില്ല.  നഗ്‌നമായ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനമാണ്‌ അൻവർ നടത്തുന്നത്‌.   Read on deshabhimani.com

Related News