വള്ളത്തോൾ ജയന്തി ആഘോഷത്തിന് തുടക്കം
ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ വള്ളത്തോൾ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. കൂത്തമ്പലത്തിനു മുമ്പിൽ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് കലാമണ്ഡലം സംഗീത് ചാക്യാർ അവതരിപ്പിച്ച ചാക്യാർകൂത്ത്, കല്ലൂർ ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിച്ച തായമ്പക, കലാമണ്ഡലം അച്യുതാനന്ദനും സംഘവും അവതരിപ്പിച്ച മിഴാവിൽ പഞ്ചാരിമേളം എന്നിവ അരങ്ങേറി. വൈകിട്ട് കലാമണ്ഡലം സ്ഥാപക സെക്രട്ടറി മണക്കുളം മുകുന്ദ രാജ അനുസ്മരണ സമ്മേളനം കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി അനന്തകൃഷ്ണൻ അധ്യക്ഷനായി. രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ, കലാമണ്ഡലം ഭരണ സമിതി അംഗങ്ങളായ കെ രവീന്ദ്രനാഥ്, ഡോ. ലത എടവലത്, അക്കാദമിക് കോ–-ഓർഡിനേറ്റർ വി അച്യുതാനന്ദൻ എന്നിവർ സംസാരിച്ചു. കലാമണ്ഡലം ഹൈമാവതി അവതരിപ്പിച്ച മോഹിനിയാട്ടം, ഓർഫിയോ ക്വിൻറെറ്റിന്റെ പാശ്ചാത്യ ശാസ്ത്രീയ സംഗീതക്കച്ചേരി, കലാമണ്ഡലം സിന്ധു അവതരിപ്പിച്ച നങ്ങ്യാർകൂത്ത് എന്നിവയും നടന്നു. 9 ന് ശനിയാഴ്ച വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന. നിള ക്യാമ്പസിൽ പ്രശസ്ത കവികൾ പങ്കെടുക്കുന്ന കവിയരങ്ങ്, പെരിങ്ങോട് ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, വാർഷിക സമ്മേളനം എന്നിവ നടക്കും. ഡോ. വി വേണു ഐഎ എസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. Read on deshabhimani.com