നൂറ്റാണ്ട് പിന്നിട്ട്‌ കുണ്ടായി ഇരുമ്പ് പാലം

നൂറ്റാണ്ട് പിന്നിടുന്ന കുണ്ടായി ഇരുമ്പ് പാലം


വരന്തരപ്പിള്ളി   1924  ലെയും 2018 ലെയും മഹാപ്രളയങ്ങൾ അതിജീവിച്ച, എണ്ണിയാലൊടുങ്ങാത്തത്ര മനുഷ്യരെ അക്കര ഇക്കര കടത്തിവിട്ട കുണ്ടായി  ഇരുമ്പ് പാലം നൂറ്റാണ്ട് പൂർത്തിയാക്കുന്നു. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കുണ്ടായി റബർ തോട്ടത്തിലൂടെ ഒഴുകി കുറുമാലി പുഴയിൽ ചേരുന്ന മുപ്ലി പുഴയ്‌ക്ക് കുറുകെയാണ്‌ പാലം. അന്നത്തെ ഹാരിസൺസ് ക്രോസ്‌ഫീൽഡ് കമ്പനി തങ്ങളുടെ തോട്ടത്തിലെ തൊഴിലാളികൾക്ക് റബർ ടാപ്പിങ്ങിന്‌ പോകാൻ  നിർമിച്ചതാണ് പാലം. ഇവരെക്കൂടാതെ മലമ്പതി ആദിവാസി നഗറിലെ കുടുംബങ്ങളും പാലം സ്ഥിരമായി ഉപയോഗിക്കുന്നു. ബ്രിട്ടീഷ് സാങ്കേതിക വൈദഗ്‌ധ്യത്തിന്റെ  അടയാളമായുള്ള പാലം 80 അടി നീളത്തിലും 12 അടി വീതിയിലുമാണ് നിർമിച്ചിട്ടുള്ളത്.   ബ്രദർസ് കുണ്ടായി വാട്ട്സ്അപ്പ്‌ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുണ്ടായി ഇരുമ്പ് പാലത്തിന്റെ നൂറാം വാർഷികം ഞായറാഴ്ച ആഘോഷിച്ചു.  വാർഷികാഘോഷം കൊടകര ബ്ലോക്ക്  അംഗം ഇ കെ സദാശിവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷീല ശിവരാമൻ അധ്യക്ഷയായി. ഹാരിസൺസ് മലയാളം ലിമിറ്റഡ് സീനിയർ മാനേജർ ബെന്നി മാത്യു മുഖ്യാതിഥിയായി. പി ജി വാസുദേവൻ നായർ, ലിന്റോ പള്ളിപ്പറമ്പിൽ, സി എം ശിവകുമാർ, ബാബു കൂനമ്പുറത്ത്, ടി എസ് സജീവൻ, കുഞ്ഞിമുഹമ്മദ് കൊല്ലേരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News