ഗുരുവായൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് ശക്തം
ചാവക്കാട് ഗുരുവായൂർ മണ്ഡലത്തിലെ കോൺഗ്രസ് ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. ഗ്രൂപ്പ് വൈരത്തെത്തുടർന്ന് കുത്തേറ്റ് മരിച്ച എ സി ഹനീഫയുടെ കുടുംബത്തെച്ചൊല്ലിയാണ് തർക്കം മൂർച്ഛിച്ചത്. എ സി ഹനീഫയെ കൊലപ്പെടുത്തിയതിന് നേതൃത്വം നൽകിയെന്ന് ഹനീഫയുടെ ഉമ്മ ആരോപിച്ച സി എ ഗോപപ്രതാപൻ ഒരുവശത്തും ഡിസിസി ജനറൽ സെക്രട്ടറിമാരടക്കമുള്ളവർ മറുവശത്തുമാണ്. അന്നത്തെ ബ്ലോക്ക് പ്രസിഡന്റായിരുന്ന ഗോപപ്രതാപൻ ഹനീഫയുടെ ഭാര്യയെയും മറ്റും കൂട്ടുപിടിച്ചും ഡിസിസി ജനറൽ സെക്രട്ടറിമാരടക്കമുള്ളവർ സഹോദരങ്ങളേയും ബന്ധുക്കളേയും കൂട്ടുപിടിച്ചുമാണ് ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. നവംബർ 30ന് നടന്ന കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രവർത്തക യോഗത്തിൽ ഹനീഫയുടെ സഹോദരപുത്രനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ എ സി സെറൂക്കിനെ വിലക്കിയെന്നാരോപിച്ച് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഹനീഫയുടെ ഭാര്യക്കായി കെപിസിസി സ്വരൂപിച്ച നൽകിയ ഫണ്ട് കൈക്കലാക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നത് കൊണ്ടാണ് സെറൂക്കിനെ യോഗത്തിൽ പങ്കെടുപ്പിക്കാത്തതെന്നായിരുന്നു ഗോപപ്രതാപനെ അനുകൂലിക്കുന്നവരുടെ വാദം. ഹനീഫയുടെ ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് വാർത്താ സമ്മേളനം നടത്തിയെന്നാണ് ഡിസിസി ജനറൽ സെക്രട്ടറി കെ ഡി വീരമണി, യുഡിഎഫ് കൺവീനർ കെ വി ഷാനവാസ്, സി മുസ്താഖ് അലി, കെ നവാസ്, പി ഐ ലാസർ എന്നിവരുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പുകാർ ആരോപിക്കുന്നത്. കെപിസിസി പിരിച്ച തുക പൂർണമായും ലഭിച്ചില്ലെന്ന് കാട്ടി നേരത്തെ ഹനീഫയുടെ ഭാര്യ മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകിയിരുന്നു. എ ഗ്രൂപ്പുകാർ ഞായറാഴ്ച രാത്രി രഹസ്യയോഗവും ചേർന്നു. Read on deshabhimani.com