പട്ടാപ്പകൽ മോഷണം: 2 പവനും 30,000 രൂപയും കവര്‍ന്നു
ചെറുതുരുത്തി പട്ടാപ്പകൽ വീട്ടിൽനിന്ന് രണ്ടു പവന്റെ സ്വർണാഭരണവും 30,000 രൂപയും കവര്‍ന്നു. നെടുമ്പുര കിഴക്കേക്കരമേൽ രാജന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ 10ന് രാജന്‍ ഭാര്യയോടൊപ്പം കൃഷിയിടത്തിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. കൃഷി സ്ഥലത്ത് പോയി തിരികെ വന്നപ്പോഴാണ് മുറിയിലെ അലമാരയിലെ തുണികളും മറ്റും വലിച്ചുവാരിയിട്ട നിലയിൽ കണ്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും പണവുമാണ് മോഷണം പോയത്. വീടിന് മുൻവശത്തും വശങ്ങളിലും സിസിടിവി കാമറകൾ ഉണ്ട്. കാമറയിൽ വീട്ടിലേക്ക് ആരും പ്രവേശിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും. Read on deshabhimani.com