ശക്തനിലെ ആകാശപ്പാതയിലേക്ക്‌ കയറാൻ ലിഫ്‌റ്റും

ശക്തനിലെ ആകാശപ്പാതയുടെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ മേയർ എം കെ വർഗീസ്‌, സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, സൂപ്രണ്ടിങ്‌ എൻജിനിയർ എന്നിവർ പരിശോധിക്കുന്നു


തൃശൂർ >  ശക്തനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‌ നിർമാണം പുരോഗമിക്കുന്ന ആകാശപ്പാത  അവസാനഘട്ടത്തിലേക്ക്‌. പാതയിലേക്ക്‌ കയറാൻ ചവിട്ടുപടികൾ പൂർത്തിയാവുകയാണ്‌. ഇതോടൊപ്പം നാലുഭാഗങ്ങളിലായി ലിഫ്‌റ്റും നിർമിക്കും. ഇതിനായി ടെൻഡർ നൽകി. പ്രവൃത്തി വിലയിരുത്താൻ മേയർ എം കെ വർഗീസും   സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും ശക്തനിലെത്തി.    ശക്തൻ ബസ്‌റ്റാൻഡിൽ  അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി  5.30 കോടി ചെലവിൽ വൃത്താകൃതിയിലാണ് കൂറ്റൻ ആകാശമേൽപ്പാലം നിർമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അംഗീകൃത ഏജൻസി കിറ്റ്കോയാണ് മാതൃക തയ്യാറാക്കിയത്.  ആറുമീറ്റർ ഉയരത്തിൽ മൂന്നുമീറ്റർ വീതിയിലാണ് പാലം. ആയാസകരമായി കയറാവുന്ന വിധമാണ്‌ ചവിട്ടുപടികൾ നിർമിച്ചിട്ടുള്ളത്‌.    ചവിട്ടുപടി പണികഴിഞ്ഞാൽ  പാത ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന്‌ മേയർ എം കെ വർഗീസ്‌ പറഞ്ഞു. ഇതോടൊപ്പം  രണ്ടു ലിഫ്‌റ്റിന്‌ ടെൻഡറായി.  രണ്ടെണ്ണം കൂടി ടെൻഡർ നൽകും. ആകാശപ്പാത ഗ്ലാസിടും. തുടർന്ന്‌ എസിയാക്കാനും പദ്ധതിയുണ്ടെന്നും മേയർ പറഞ്ഞു. മുകളിൽ സോളാർ പാനൽ സ്ഥാപിച്ച്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പദ്ധതിയുണ്ട്‌. ലിഫ്‌റ്റിനാവശ്യമായ വൈദ്യുതി കഴിഞ്ഞ്‌ മിച്ചമുള്ളത്‌ വിൽക്കാനാവും. ഇതോടൊപ്പം ആകാശപ്പാതയിൽ ഡിജിറ്റൽ പരസ്യങ്ങൾ വഴിയും വരുമാനമുണ്ടാക്കാനാവും. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വർഗീസ്‌ കണ്ടംകുളത്തി, ഷീബബാബു, സാറാമ്മ റോബ്‌സൺ തുടങ്ങിയവരും മേയർക്കൊപ്പമുണ്ടായി. Read on deshabhimani.com

Related News